ഭീകരാക്രമണം; ജനങ്ങളെ ഉൾപ്പെടുത്തി സൈനിക ശക്തി വർദ്ധിപ്പിക്കാൻ ഫ്രാൻസ്

By Web DeskFirst Published Jul 17, 2016, 2:04 AM IST
Highlights

പാരീസ്: നിരന്തരം ഭീകരാക്രമണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ഉൾപ്പെടുത്തി  സൈനിക ശക്തി വർദ്ധിപ്പിക്കാൻ ഫ്രാൻസിന്റെ നീക്കം. സുരക്ഷാ സൈനികരാകാൻ താൽപര്യമുള്ളവരെ റിസർവ്വ് ബറ്റാലിയനിൽ ഉൾപ്പെടുത്തി സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.

പാരിസിൽ ഭീകരാക്രമണമുണ്ടായതിനു പിന്നാലെ കഴിഞ്ഞ ദിവസം ഫ്രാൻസിലെ നീസിലും അക്രമമുണ്ടായ പശ്ചാത്തലത്തിൽ ഫ്രഞ്ച് ഭരണകൂടത്തിനെതിരെ വിമർശനമേറുകയാണ്. ഈ സാഹചര്യത്തിലാണ് റിസർവ്വ് ബറ്റാലിയൻ ശക്തമാക്കാൻ സർക്കാർ ആലോചിക്കുന്നത്. സൈനിക സേവനത്തിന് താൽപര്യമുള്ള യുവാക്കളെ ഉൾപ്പെടുത്തി റിസർവ്വ് ബറ്റാലിയന്റെ അംഗസംഖ്യ  വർദ്ധിപ്പിക്കാനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം. ഇതിന്‍റെ ആദ്യപടിയായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെ‍ർണാഡ് കാസനോവ് യുവാക്കളെ  സൈന്യത്തിലേക്ക് ക്ഷണിച്ചു കൊണ്ട് പ്രസ്താവനയിറക്കി.

രാജ്യസ്നേഹമുള്ള ഫ്രഞ്ച് പൗരൻമാർ സൈനിക സേവനത്തിന് തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. സൈനിക സേവനത്തിൽ മുൻപരിചയമുള്ളവരെയും താൽപര്യമുള്ള യുവാക്കളെയുമാണ് ഭരണകൂടം റിസർവ്വ് ബറ്റാലിയനിലേക്ക് പരിഗണിക്കുന്നത്. ഫ്രാൻസിലെ പൊലീസിലും അർധസൈനിക വിഭാഗത്തിലുമായി  12000 വൊളണ്ടിയർമാർ നിലവിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇത് വർദ്ധിപ്പിച്ച് രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുമെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസം നീസിലുണ്ടായ ഭീകരാക്രമണത്തിൽ പത്ത് കുട്ടികളടക്കം 84 പേരാണ് മരിച്ചത്.

click me!