ആത്മവിശ്വാസത്തോടെ ഫ്രാന്‍സ്; ഉറുഗ്വേയ്ക്ക് പരിക്ക് ആശങ്ക

By Web DeskFirst Published Jul 6, 2018, 9:12 AM IST
Highlights
  • നാലില്‍ നാലും ജയിച്ചുള്ള വരവിലും ഉറുഗ്വേയെ ഭയപ്പെടുത്തും എംബാപ്പെയുടെ വേഗം. 

മോസ്‌കോ: ഉറുഗ്വേ- ഫ്രാന്‍സ് മത്സരത്തോടെ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കം. കവാനിയുടെ പരിക്ക് ഉറുഗ്വേയെ ഭയപ്പെടുത്തുമ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് മേല്‍ ലോകകപ്പിലുള്ള അധിപത്യം തുടരാമെന്നാണ് ഫ്രഞ്ച് പ്രതീക്ഷ. അര്‍ജന്റീനയെ പുറത്താക്കിയ മത്സരം കഴിഞ്ഞതുമുതല്‍ പെലെയടക്കം ഇതിഹാസങ്ങള്‍ പാടിപ്പുകഴ്ത്തി എംബായെന്ന ഫ്രഞ്ച് കൗമാര താരത്തെ. നാലില്‍ നാലും ജയിച്ചുള്ള വരവിലും ഉറുഗ്വേയെ ഭയപ്പെടുത്തും എംബാപ്പെയുടെ വേഗം. 

ഗ്രീസ്മാനും പോഗ്ബയും ഒലിവര്‍ ജിറൂദുമെല്ലാം അടങ്ങുന്ന വമ്പന്മാരെ നേരിടാനിറങ്ങുമ്പോള്‍ ഇതുവരെ കളിച്ച കളി മതിയാവില്ലെന്ന് ഉറുഗ്വേ കോച്ച് ഓസ്‌കര്‍ ടബാരസിനറിയാം. പക്ഷെ മത്സരം തുടങ്ങും മുന്‍പേ പ്രതിരോധത്തിലായി ടീം. കഴിഞ്ഞ കളിയില്‍ പരിക്കേറ്റ എഡിസന്‍ കവാനി കളിച്ചില്ലെങ്കില്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസിനെയോ സ്റ്റ്യുവേനിയയേ മുന്നേറ്റത്തില്‍ കൊണ്ടു വരേണ്ടി വരും. പക്ഷെ സുവാരസ് കവാനി ഇരട്ട മുന്നേറ്റത്തിന് പകരം വയക്കാന്‍ അതു മതിയായേക്കില്ല. 

ഫ്രഞ്ച് നിരയില്‍ സസ്‌പെന്‍ഷനിലായി മറ്റിയൂഡിക്ക് പകരക്കാരനെ കണ്ടെത്തേണ്ടി വരും. ക്ലബുകളില്‍ ഒന്നിച്ച് കളിച്ച ഒരുപിടി താരങ്ങള്‍ ഇന്ന് എതിരാളികളായി പൊരുതും. ഗ്രീസ്മാനെ പൂട്ടാന്‍ ഗോഡിന്‍, കാവാനി കളിച്ചാന്‍ മറുവശത്ത് എംബാപ്പെ. ഉറുഗ്വേ തന്റെ രണ്ടാം രാജ്യമെന്ന പറഞ്ഞ ഗ്രീസ്മാനോട് വായടക്കാന്‍ പറഞ്ഞു സുവാരസ്. ക്ലബിലെ സൗഹൃദം കളത്തില്‍ കാണില്ലെന്ന് വ്യക്തം. 

കണക്കുകളില്‍ പ്രതീക്ഷ വെയ്ക്കാം ഉറുഗ്വേയക്ക്. ഇരുടീമുകളും നേര്‍ക്കു നേര്‍വന്ന എട്ടു മത്സരങ്ങളില്‍ ഏഴിലും ജയം ഉറുഗ്വേയ്ക്കായിരുന്നു. ദിദിയര്‍ ദഷാംപ്‌സ് പരിശീലകനായിട്ടും ഫ്രാന്‍സിന് ജയിക്കായിട്ടില്ല. 1978ല്‍ അര്‍ജന്റീയോട് തോറ്റ ശേഷം ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് തോല്‍പിക്കാനായിട്ടില്ലെന്നതാണ് കണക്കുകളില്‍ ഫ്രാന്‍സിന്റെ മറുപടി.

click me!