
മോസ്കോ: ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിച്ച് സെമി വരെ എത്തിനില്‍ക്കുകയാണ് ഫ്രഞ്ച് നിര. സിനദീന്‍ സിദാനന്‍റെ തലമുറയ്ക്ക് ശേഷം പിറന്ന സുവര്‍ണനിരയായാണ് ഹ്യൂഗോ ലോറിസും സംഘവും വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് സെമി മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സിനെ ഇപ്പോള്‍ അലട്ടുന്നത് എതിര്‍ ചേരിയിലെ ഒരു ഫ്രഞ്ച് സാന്നിധ്യമാണ്.
ഒരുകാലത്ത് ഫ്രാന്‍സിന്‍റെ ദേശീയ ഹീറോ ആയിരുന്ന തിയറി ഒൻറി ഇത്തവണ ബെല്‍ജിയത്തിനൊപ്പമാണ്. 1998ലെ ചരിത്രമാവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാന്‍സ്. അന്ന് കിരീടം നേടിയ നായകന്‍ ദിദിയര്‍ ദഷാംപ്സ് ഇന്ന് ചാണക്യനായി ടീമിനൊപ്പം. അര്‍ജന്‍റീനയെയും ഉറുഗ്വേയെയും വീഴ്ത്തി ആധികാരികമായി തന്നെ അവര്‍ അവസാന നാലിലെത്തി.
സെമിയില്‍ എതിരാളികള്‍ മൂന്നാം റാങ്കുകാരും മികച്ച ഫോമിലുമുള്ള ബെല്‍ജിയം. എന്നാല്‍, അതിലേറെ ആശങ്കയുണ്ട് എതിര്‍ പാളയത്തിലെ ഒൻറിയുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിന്. 2016ല്‍ റോബര്‍ട്ടോ മാര്‍ട്ടീനസ് പരിശീലകനായത് മുതല്‍ രണ്ടാം സഹപരിശീലകനാണ് ബെല്‍ജിയം ടീമില്‍ ഒന്‍റി. സ്വന്തം രാജ്യത്തിനെതിരെ തന്ത്രങ്ങള്‍ മെനയേണ്ടതുണ്ട് ഒരുകാലത്ത് ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയിലെ മിന്നും താരത്തിന്.
ഇഷ്ട താരം മറുപക്ഷത്താണെന്ന ദുഖത്തിലാണ് ആരാധകരും. സെമിയില്‍ ഫ്രാന്‍സ് വിജയിച്ചാല്‍ ഒന്‍റിക്ക് അതില്‍ സന്തോഷമേ ഉണ്ടാകൂ എന്ന ചിന്തയുള്ളവരാണ് ദഷാംപ്സിന്‍റെ സംഘത്തില്‍ ചിലരെങ്കിലും.
ആത്യന്തികമായി അദ്ദേഹം ഫ്രാന്‍സുകാരന്‍ ആണല്ലോ എന്നാണ് പ്രതിരോധ താരം ലുകാസ് ഹെര്‍ണാണ്ടസ് ഇതിന് കാരണം പറയുന്നത്. ഫ്രാന്‍സിന്‍റെ എക്കാലത്തെയും ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് തിയറി ഒന്‍റി. 123 മത്സരങ്ങളില്‍ നിന്ന് 51 ഗോള്‍ നേടിയ അദ്ദേഹം 1998ല്‍ ലോകകിരീടം നേടിയപ്പോള്‍ മൂന്നു ഗോളുകളും സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam