തട്ടിപ്പ് റാണി പ്രിയ പിടിയില്‍; ഇരയായത് 15 യുവാക്കള്‍ ; തട്ടിയത് മുക്കാല്‍കോടി

Published : Oct 04, 2018, 11:48 AM ISTUpdated : Oct 04, 2018, 12:11 PM IST
തട്ടിപ്പ് റാണി പ്രിയ പിടിയില്‍; ഇരയായത് 15 യുവാക്കള്‍ ; തട്ടിയത് മുക്കാല്‍കോടി

Synopsis

വെഞ്ഞാറമൂട് നടത്തിയിരുന്ന ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതോടെയാണ് ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തുനിന്നു മുങ്ങിയ്ത. ഗുരുവായൂര്‍ വെട്ടുക്കാടെത്തിയ പ്രിയ അവിടെ വാടകവീട് തരപ്പെടുത്തി താമസിക്കുകയായിരുന്നു.

തൃശൂര്‍: തിരുവനന്തപുരം പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയായ യുവതി തൃശൂരിലെ യുവാക്കളെയും പ്രവാസികളെയും തട്ടിച്ചതിന് പിടിയിലായി. തിരുവനന്തപുരം വെഞ്ഞാറമൂട് പോത്തംകോട് ആണ്ടൂര്‍കോണം സ്വദേശിനിയും കുന്നംകുളത്തിനടുത്ത് ചൂണ്ടല്‍ വെട്ടുകാട് വാടക താമസക്കാരിയുമായ വെള്ളാംകൊള്ളി വീട്ടില്‍ പ്രിയ(30)യാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും സൗഹൃദം സ്ഥാപിച്ച് ഒട്ടനവധി പേരില്‍ നിന്നായി 75 ലക്ഷം രൂപയോളമാണ് പ്രിയ കൈക്കലാക്കിയത്.

പ്രവാസി ബിസിനസുകാരനും മുണ്ടൂര്‍ കിരാലൂര്‍ സ്വദേശിയുമായ അനില്‍കുമാറില്‍ നിന്ന് 21 ലക്ഷം രൂപയാണ് തട്ടിച്ചെടുത്തത്. ഫേസ്ബുക്ക് ചാറ്റിങിലൂടെയായിരുന്നു തട്ടിപ്പ്. അനില്‍കുമാറിന്റെ മരുമകനും മുണ്ടൂര്‍ പെരിങ്ങോട് സ്വദേശിയുമായ സന്തോഷിന്റെ പക്കല്‍ നിന്ന് ജ്വല്ലറി ആരംഭിക്കാനെന്ന വ്യാജേന 18 ലക്ഷവും ഭാര്യ സൗമ്യ സന്തോഷില്‍ നിന്ന് 75,000 രൂപയും ഇവരുടെ ബന്ധു വരന്തരപിള്ളി സ്വദേശിയായ ജഗന്‍ എന്നയാളില്‍ നിന്ന് ഏഴ് ലക്ഷവും മറ്റൊരു ബന്ധുവില്‍ നിന്ന് 'ജ്വല്ലറി'യുടെ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് 75,000 രൂപയും അനില്‍കുമാറിന്റെ ബന്ധുവായ പെരുമ്പിലാവ് സ്വദേശിയില്‍ നിന്ന് അഞ്ച് ലക്ഷവും തട്ടിയെടുത്തു. ചൂണ്ടല്‍ പാറന്നൂരില്‍ സ്വര്‍ണാഭരണ നിര്‍മാണത്തിനെത്തിയ കൈപ്പറമ്പ് സ്വദേശികളായ ജിഷ്ണു, റെനീഷ്, ഡാനി, ശ്യാം എന്നിവരില്‍ നിന്നായി എട്ടര ലക്ഷവും പ്രിയ കൈക്കലാക്കിയതായും പൊലീസ് പറഞ്ഞു. 

വെഞ്ഞാറമൂട് നടത്തിയിരുന്ന ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതോടെയാണ് ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തുനിന്നു മുങ്ങിയ്ത. ഗുരുവായൂര്‍ വെട്ടുക്കാടെത്തിയ പ്രിയ അവിടെ വാടകവീട് തരപ്പെടുത്തി താമസിക്കുകയായിരുന്നു. മൂന്നു മക്കളുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചു. അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളര്‍ത്തുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചായിരുന്നു ഇവിടെ ബന്ധങ്ങള്‍ സ്ഥാപിച്ചത്. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ചില്ലറ വരുമാനവും ഇവിടത്തുകാരില്‍ നിന്നും ഇവര്‍ കണ്ടെത്തിയിരുന്നു. ഫേസ് ബുക്ക് ചാറ്റിങിലൂടെ വാചകമടിച്ച് മുണ്ടൂര്‍ സ്വദേശിയായ അനില്‍കുമാറിനെ ആദ്യം വരുതിയിലാക്കി. മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോള്‍ പ്രവാസിയുടെ സൗഹൃദം വളര്‍ന്നു. സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെറിയ സഹായങ്ങള്‍ വാങ്ങി. ഫെയ്‌സ്ബുക്കില്‍ നിന്ന് വാട്‌സാപ്പിലേക്ക് സൗഹൃദം മാറി. കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസിയാകട്ടെ ഇതു സമ്മതിച്ചു. 

21 ലക്ഷം രൂപ പ്രിയയ്ക്കു നല്‍കി. കുന്നംകുളത്ത് മുറി വാടകയ്‌ക്കെടുത്തു. പ്രിയ ജ്വല്ലറിയെന്ന ബോര്‍ഡ് സ്ഥാപിച്ച് ഇന്റീരിയര്‍ വര്‍ക്കുകള്‍ നടക്കുന്നതായി നാട്ടിലെത്തിയ അനില്‍കുമാറിനെ ബോധ്യപ്പെടുത്തി. ഇവിടെ ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്ത യുവാവിനെയും പ്രിയ കബളിപ്പിച്ചു. ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഇയാളെ ധരിപ്പിച്ചു. അതിനായി അഞ്ചു ലക്ഷം രൂപ കൈക്കലാക്കി. ഇന്റീരിയര്‍ പണിക്കു വന്ന മറ്റു യുവാക്കളും നല്‍കി ധനകാര്യ സ്ഥാപനത്തിലെ ഷെയറിലേക്കായി ലക്ഷങ്ങള്‍. ഒരു യുവാവിന് പണമില്ലാതെ വന്നതോടെ അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തിയാണ് ഒന്നേമുക്കാല്‍ ലക്ഷം നല്‍കിയത്. ഇങ്ങനെ, പതിനഞ്ചു പേരില്‍ നിന്നാണ് പ്രിയ 75 ലക്ഷം രൂപയോളം തട്ടിയെടുത്തത്. തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കാനാണ് ഉപയോഗിക്കുന്നത്. കാര്‍ വാടകയ്‌ക്കെടുത്ത് ചുറ്റിക്കറക്കവും ലക്ഷ്വറി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും ആഡംബര വസ്ത്രങ്ങളുമൊക്കെയാണ് ഹോബി.

തിരുവനന്തപുരത്ത് കുറേ ഭൂമിയുണ്ടെന്നും തര്‍ക്കത്തില്‍ കിടക്കുന്ന ഈ ഭൂമി കിട്ടാന്‍ ഒരു വിവാഹരേഖ വേണമെന്നും പറഞ്ഞ് ജ്വല്ലറി തുടങ്ങാന്‍ പണം നിക്ഷേപിച്ച പ്രവാസിയോട് പ്രിയ ആവശ്യപ്പെട്ടിരുന്നു. ഭൂമി വിട്ടു കിട്ടിയാല്‍ അതു വില്‍ക്കാംമെന്നും നല്ലൊരു തുക കിട്ടുമെന്നും പാതി തരാമെന്നും വാഗ്ദാനം ചെയ്തായിരുന്നു വിവാഹഭ്യര്‍ത്ഥന. പ്രവാസി മകനോട് ഇക്കാര്യം പറഞ്ഞു. ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹം. പിന്നെ, റജിസ്‌ട്രേഷന്‍. ഇതെല്ലാം പൂര്‍ത്തിയാക്കി. അവിവാഹിതനായ മകനോട് ഇതു കാര്യമാക്കേണ്ടെന്ന് പ്രവാസിയും പറഞ്ഞു. 

എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ ഇങ്ങിനെയൊരു ഭൂമിയും ഇവര്‍ക്കവകാശപ്പെട്ട രീതിയില്‍ കേസില്‍ കിടക്കുന്നില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഭാവിയില്‍ ഭീഷണിപ്പെടുത്തി തുക തട്ടാനാണ് ഇത്തരത്തിലൊരു വിവാഹ രേഖയുണ്ടാക്കിയതെന്നാണ് പ്രിയ പൊലീസിന് മൊഴി നല്‍കിയത്. ധനകാര്യ തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്നും തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണെന്നും മനസിലായത് ഈ അന്വേഷണത്തിനിടെയാണ്. പ്രിയയ്‌ക്കെതിരെ പരാതികള്‍ ഒന്നിനു പുറകെ ഒന്നായി ലഭിക്കുന്നുണ്ടെന്ന് കുന്നംകുളം എ.സി.പി: സിനോജ്, സി.ഐ: കെ.ജി.സുരേഷ്‌കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്