ഷാര്‍ജയിലെ മദ്ധ്യാഹ്ന സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നു

By Web DeskFirst Published Mar 27, 2017, 6:43 PM IST
Highlights

ഷാര്‍ജ: അടുത്ത മാസം മുതല്‍  ഷാര്‍ജയില്‍  മദ്ധ്യാഹ്ന സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നു. ഇതോടെ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ വാഹനം നിര്‍ത്തിയിടാന്‍ ഷാര്‍ജയില്‍ പണമടക്കണം.മണിക്കുറിന് രണ്ട് ദിര്‍ഹമെന്ന നിരക്കും പ്രഖ്യാപിച്ചു. ഷാര്‍ജയില്‍ ഉച്ചസമയത്ത് ലഭിച്ചിരുന്ന സൗജന്യ വാഹന പാര്‍ക്കിംഗ് ആണ് നിര്‍ത്തലാക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിയമം നടപ്പിലാക്കും. നിലവില്‍ ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന സൗജന്യ പാര്‍ക്കിംഗ് ആണ്‍ നിര്‍ത്തലാക്കുന്നത്.

ഇതോടെ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ ഷാര്‍ജയില്‍ വാഹനം നിര്‍ത്തിയിടാന്‍ പണം അടക്കണം. ഇത് സംബന്ധിച്ച് പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഉച്ചസമയത്തെ സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നുവെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നെങ്കിലും എന്ന് മുതലാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

രണ്ട് ദിര്‍ഹമാണ് ഒരു മണിക്കൂറിന് പാര്‍ക്കിംഗ് ചാര്‍ജ്.രണ്ട് മണിക്കൂര്‍ പാര്‍ക്കിംഗ് ഒരുമിച്ച് അടക്കുമ്പോള്‍ അഞ്ചും മൂന്ന് മണിക്കൂറിന് എട്ടും ദിര്‍ഹം വീതം നല്‍കണം. വെള്ളിയാഴ്ചകളിലും മറ്റ് പ്രധാന ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും. 5566 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നമ്പര്‍ എസ്.എം.എസ് അയച്ചും പാര്‍ക്കിംഗ് ഫീസ് അടക്കാം. 38 ഫില്‍സ് ഓരോ എസ്.എം.എസിനും ചാര്‍ജായി അധികം ഈടാക്കും.

ദുബായില്‍ നേരത്തെ തന്നെ ഉച്ചസമയത്തെ സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഷാര്‍ജയിലും രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ പണമടച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന നിയമം കൊണ്ട് വരുന്നത്. 

click me!