ബെംഗളൂരു കോറമംഗലയിൽ വിലാസം തെറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഓൺലൈൻ ഡെലിവറി ഏജന്റ് മലയാളിയായ യുവാവിനെ ആക്രമിച്ച് മൂക്കിന് പരിക്കേൽപ്പിച്ചു. പുലർച്ചെ രണ്ട് മണിക്ക് ബ്ലിങ്കിറ്റ് ആപ്പിൽ ഓർഡർ ചെയ്ത സാധനങ്ങളുമായി എത്തിയ ഏജന്റാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ യുവാവ് പോലീസിൽ പരാതി നൽകുകയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ബെംഗളൂരു: കോറമംഗലയിൽ ഓൺലൈൻ ഡെലിവറി ആപ്പിൽ ഓ‍ർ‍ഡർ നൽകിയ മലയാളിക്ക് നേരെ ഡെലിവറി ഏജന്റിന്റെ ആക്രമണം. മേൽവിലാസത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സാധനങ്ങൾ ഡെലിവർ ചെയ്യാനെത്തിയ വ്യക്തി തന്റെ മൂക്കിടിച്ച് തകർത്തതായി കാണിച്ച് മലയാളിയായ പോൾ ജെ.വിതയത്തിൽ പൊലീസിൽ പരാതി നൽകി. ഡെലിവറി ഏജന്റിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോറമംഗല എട്ടാം ബ്ലോക്കിൽ താമസിക്കുന്ന പോൾ ജെ.വിതയത്തിൽ ബ്ലിങ്കിറ്റ് ആപ്പ് വഴിയാണ് സാധനം ഓ‍ർഡർ ചെയ്‌തത്. പുലർച്ചെ രണ്ട് മണിക്ക് ഓ‍ർ‍ഡർ ഡെലിവറി ചെയ്യാനായി എത്തിയ വ്യക്തിക്ക് വിലാസം തെറ്റി മറ്റൊരിടത്ത് പോയി. പിന്നീട് ഇയാൾ പോളിൻ്റെ വിലാസത്തിലെത്തി. വിലാസം തെറ്റിയതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ സംസാരം വാക്കുതർത്തിലേക്ക് നീങ്ങി. പൊടുന്നനെ ഡെലിവറി ഏജന്റ് ക്രൂരമായി ആക്രമിച്ചുവെന്നാണ് പോൾ പൊലീസിനോട് പറഞ്ഞത്.

ഡെലിവറി ഏജൻ്റ് മുഖത്ത് ശക്തിയായി ഇടിച്ചതോടെയാണ് പോളിന്റെ മൂക്കിന് പരിക്കേറ്റതെന്ന് പരാതിയിൽ ആരോപിക്കുന്നു. ചികിത്സ തേടി ആശുപത്രിയിലെത്തിയ പോൾ, എക്സറേ എടുത്തപ്പോഴാണ് മൂക്കിൻ്റെ പാലത്തിൽ പൊട്ടലുണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് പോൾ ജെ.വിതയത്തിൽ കോറമംഗല പൊലീസിൽ പരാതി നൽകിയത്. ആദ്യം മെഡിക്കോ ലീഗൽ കേസായാണ് പൊലീസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോളിനെ ആക്രമിച്ച യുവാവിനെ കണ്ടെത്താൻ കോറമംഗല പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ ആപ്പായ ബ്ലിങ്കിറ്റിൽ നിന്ന് യുവാവിന്റെ വിശദാംശങ്ങൾ തേടിയതായി പൊലീസ് വ്യക്തമാക്കി. ഇരുപത്തിയേഴുകാരനായ പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.