വൈദ്യുതി വകുപ്പിന് അലംഭാവം; പദ്ധതിക്ക് പണം അനുവദിച്ചിട്ടും കണ്ണ് തുറക്കാതെ തെരുവ് വിളക്കുകള്‍

By web deskFirst Published Jan 10, 2018, 6:46 PM IST
Highlights

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് പദ്ധതി വര്‍ഷങ്ങളില്‍ നടപ്പാക്കിയ തെരവുവിളക്ക് പദ്ധതി നടപ്പാക്കുന്നതിന് വൈദ്യുതി വകുപ്പിന് നിസംഗത. പണമടച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സാധനസാമഗ്രികളുടെ അഭാവമാണ് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍. മണ്ണഞ്ചേരി പഞ്ചായത്തിലെ 15 വാര്‍ഡുകളെ ഉള്‍പ്പെടുത്തി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി സ്ട്രീറ്റ് ലൈന്‍ വലിക്കുന്ന പദ്ധതിക്കായി 15,68,646 രൂപയാണ് 2015 - 16 ലും 2016 - 17 ലും പദ്ധതി വിഹിതത്തില്‍ നിന്ന് മണ്ണഞ്ചേരി പഞ്ചായത്ത് കെ.എസ്.ഇ.ബി കലവൂര്‍ സെക്ഷന്‍ ഓഫീസില്‍ അടച്ചത്. 

വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഓരോ വാര്‍ഡിലേയും തുക നിശ്ചയിച്ച് അടച്ചത്. പണം അടച്ചതിനുശേഷം ചില വാര്‍ഡുകളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റൊന്നും ചെയ്യാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിയില്‍ അന്വേഷിക്കുമ്പോള്‍ സാധന സാമഗ്രികള്‍ എത്തിച്ച് നല്‍കാത്തതാണ് പ്രധാന തടസമെന്നും പലതവണ അധികൃതര്‍ക്ക് കത്തയച്ചിട്ടുള്ളതാണെന്നും തങ്ങള്‍ നിസഹായരാണെന്നും സെക്ഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് അധികൃതര്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇത്രയും കാലമായിട്ടും പഞ്ചായത്ത് നിര്‍ദേശിച്ച പാതകളില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. 

ഒന്നാം വാര്‍ഡിലെ എന്‍.എച്ച് 47 - കുഴിപ്പാട്ട്  വരകാടി  ബണ്ടുറോഡ് 91,800 രൂപ, പുളിക്കിയില്‍  കണ്ണാട്ട് റോഡ് 1,25,000 രൂപ, രണ്ടാം വാര്‍ഡിലെ കണ്ണാട്ട്  മുറവനാട് പുളിക്കല്‍ റോഡ്  69,750 രൂപ, അഞ്ചാം വാര്‍ഡുകളിലെ കളരിക്കല്‍ പുത്തന്‍ചിറ റോഡിന് 89,850 രൂപ, കളരിക്കല്‍  ഏറമംഗലം റോഡില്‍ 98,850 രൂപ, ആറാം വാര്‍ഡില്‍ അടിവാരം അത്തര്‍മുക്ക് റോഡ് 95,075 രൂപ, ഏഴാം വാര്‍ഡില്‍ ഏറനാട് കോളഭാഗം റോഡില്‍ 1,00,846 രൂപ, എട്ടാം വാര്‍ഡില്‍ കാഞ്ഞിരത്തറ  ഉത്തരപ്പള്ളി റോഡ് 99,765 രൂപ, ഒന്‍പതാം വാര്‍ഡില്‍ ഓള്‍ഡ് സ്റ്റാര്‍ വിരിശേരി ജെട്ടി പാവയ്ക്കാ കുന്നത്ത് കായലോരം റോഡ് 99,939 രൂപ, 10 ാം വാര്‍ഡില്‍ കുട്ടറവലിയപോറില്‍ റോഡ് 49,995 രൂപ, പൂന്തോപ്പ് ജങ്ഷന്‍ കായലോരം റോഡ് 49,877 രൂപ, 13 ാം മടയാംതോട് പടിഞ്ഞാറ് ജങ്ഷന്‍വരെ  1,00,835 രൂപ, 14 ാം വാര്‍ഡില്‍ ബര്‍ണാഡ് ജങ്ഷന്‍  ആപ്പര്‍ കോളനി, ഗുരുമന്ദിരം ആണി കമ്പിനി റോഡ് 1,00,914 രൂപ, 17 ാം വാര്‍ഡില്‍ അടിവാരം  പരപ്പില്‍വെളി റോഡില്‍ 49,320  രൂപ,  18 ാം വാര്‍ഡില്‍ വലിയവീട് ക്ഷേത്രം റോഡില്‍ നിന്ന് വടക്കോട്ട് 48,700 രൂപ, 21 ാം വാര്‍ഡില്‍  കടിയംപള്ളി എ.എസ് കനാല്‍ റോഡ് 94,300 രൂപ,  ഗുരുമന്ദിരം പനയില്‍ ജങ്ഷന്‍ റോഡ് 5,400 രൂപ, 22ാം വാര്‍ഡില്‍ ആലാംചേരി വിരിശേരി റോഡ് 31,770 രൂപ, മനിച്ചന്‍ തൈയ്യില്‍ മാണാപ്പറമ്പ് റോഡ് 66,310 രൂപ, 23-ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫീസ്  എന്‍.എച്ച് റോഡ് 54,270 രൂപ, എന്‍.എച്ച് 47  തകിടിവെളി കോളനി റോഡ് 29,100 രൂപ, ബ്ലോക്ക് ഓഫീസ് ബ്ലോക്ക് പാലം റോഡിന് 16,480 രൂപ എന്നീ ക്രമത്തിലാണ് എസ്റ്റിമേറ്റ് തുക അടച്ചത്. കെ.എസ്.ഇ.ബി അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച്  ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

click me!