
തിരുവനന്തപുരം: പ്രളയദുരിതം മറികടക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. നൂറ് കോടിയോളം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത്. വിവിധ ജില്ലകളില്‍ നിന്നും പ്രളയബാധിത മേഖലകളിലേക്ക് വന്‍തോതില്‍ സഹായമെത്തുന്നുണ്ട്.
വ്യക്തികളും സംഘടനകളും വഴി സംസ്ഥാന സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ പണമായെത്തിയത് 71 കോടി രൂപ. കൂടാതെ 30 കോടിയിലേറെ രൂപയുടെ ചെക്കുകളും ഡ്രാഫ്റ്റുകളും കിട്ടി. ദില്ലി സര്‍ക്കാരിന്‍റെ പത്ത് കോടി രൂപ ഉള്‍പ്പെടെ വിവിധ സര്‍ക്കാരുകളും സംഘടനകളും പ്രഖ്യാപിച്ച സഹായം വേറെ. സംസ്ഥാന സര്‍ക്കാര്‍ ജിവനക്കാരുടെ ഉല്‍സവ ബത്ത കട്ട് ചെയ്ത വകയില്‍ 102 കോടി രൂപയും ദുരിതാശ്വാസ നിധിയിലെത്തി.
ഇതിനു പുറമെയാണ് ആഹാര സാധനങ്ങളും വസ്ത്രങ്ങളും മരുന്നുമായി വിവിധ ജില്ലകളില്‍ നിന്നുളള സഹായ പ്രവാഹം. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ദുരിതബാധിത മേഖലകളിലേക്കുളള സഹായം സ്വീകരിക്കുന്നത്. കോട്ടണ്‍ഹില്‍ സ്കൂള്‍, പ്രിയദര്‍ശിനി ഹാള്‍, എസ്എംവി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പെടെ എത്തുന്നു. പത്തനംതിട്ട ജില്ലയിലെ പ്രളയ ബാധിത മേഖലകളിലേക്ക് ഒന്പത് ട്രക്ക് അവശ്യസാധനങ്ങളാണ് ഇന്നലെ മാത്രം ഇവിടെ നിന്ന്പുറപ്പെട്ടത്.
കൊല്ലം ജില്ലയില്‍ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലുമാണ് സഹായം സ്വീകരിക്കുന്നത്. ചെങ്ങന്നൂരിലെയും പത്തനംതിട്ടയിലെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നാല് ആംബുലന്‍സുകളിലായി മരുന്നും മറ്റ് അവശ്യ സാധനങ്ങളും ഇവിടെ നിന്ന് എത്തിച്ചു. കളക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് വിവിധ സംഘടനകളും ദുരിത മേഖലകളില്‍ സഹായമെത്തിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam