
ആയിരം രൂപയും അഞ്ഞൂറ് രൂപയും അസാധുവാക്കിയതിനെ തുടർന്ന് സാധാരണക്കാർ പണത്തിനായി നെട്ടോടമോടുന്പോൾ കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെഡ്ഡി കോടികൾ ചെലവഴിച്ച് മകളുടെ വിവാഹം നടത്തുന്നതിനെതിരെ വിമർശനം ശക്തമാണ്.
ബംഗളുരു പാലസ് ഗ്രൗണ്ടിലെ കൊട്ടാരം മാതൃകയിലുള്ള പന്തലിൽ ഇന്ന് നടക്കുന്ന വിവാഹത്തിന് ഖനി വ്യവസായിയായ റെഡ്ഡി അഞ്ഞൂറ് കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് വിവരം. വിവാഹ ദിനത്തിൽ വധു അണിഞ്ഞൊരുങ്ങുന്നത് പതിനേഴ് കോടി രൂപ വിലമതിക്കുന്ന പട്ട് സാരിയും തൊണ്ണൂറ് കോടി രൂപയുടെ ആഭരണങ്ങളുമാണെന്നാണ് റിപ്പോർട്ട്.
കോടികൾ പൊടിച്ചുള്ള ആഡംബര വിവാദത്തെ ചൊല്ലി വിവാദങ്ങളും ശക്തമാണ്. കള്ളപ്പണത്തെ നേരിടാനായി നോട്ട് നിരോധനം കൊണ്ടുവന്ന കേന്ദ്രസർക്കാർ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായിരുന്ന റെഡ്ഡിയുടെ വിവാഹ മാമാങ്കം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വിവാഹത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വം ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ യെദ്യൂരപ്പ വ്യക്തമാക്കി. യെദ്യൂരപ്പയും ജഗദീഷ് ഷെട്ടാറും വിവാഹത്തിനെത്തുമെന്നാണ് സൂചന.
അതേ സമയം കേന്ദ്രമന്ത്രിമാരായ അനന്ത്കുമാർ, സദാനന്ദ ഗൗഡ എന്നിവർ വിട്ടുനിന്നേക്കും. ഇതിനിടെ വിവാഹത്തിനായി റെഡ്ഡി ചെലവഴിക്കുന്ന പണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ നരസിംഹമൂർത്തി ആദായ നികുതി വകുപ്പിൽ പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam