ടി.പി സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍

By Web DeskFirst Published May 1, 2017, 11:52 AM IST
Highlights

ഡി.ജി.പി സെന്‍കുമാറിനെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ രംഗത്ത്. സെൻകുമാർ തോൽപിച്ചത് തന്നെ തന്നെയാണെന്ന് സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍  യു.ഡി.എഫിന് വേണ്ടി വോട്ട് ചോദിച്ചയാളാണ് സെന്‍കുമാര്‍. സര്‍ക്കാറിനെ വെല്ലുവിളിക്കാൻ സമ്മതിക്കില്ല. സുപ്രീം കോടതിയിൽ റിട്ട് സമർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് മറക്കണ്ട. സർക്കാരിന് സെൻകുമാർ ഭീഷണിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനെക്കാളും വലിയ ആളായി. എന്ത് മഹത്തായ ത്യാഗമാണ് അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ചെയ്തത്. സമരമൊക്കെ ചെയ്ത് ജയിലില്‍ കിടന്നിട്ട് വന്ന് ഐ.പി.എസ് എഴുതി ജയിച്ചതാണോ. കുട്ടിക്കാലം മുതല്‍ നാടിന് വേണ്ടി സമരം ചെയ്ത് മര്‍ദ്ദനമേറ്റ് മുഖ്യമന്ത്രി ആയതാണ് പിണറായി വിജയനും വി.എസും നായനാരും കരുണാകരനുമൊക്കെ. അവര്‍ക്കൊന്നും ഒരു വിലയുമില്ല. എല്ലാവരേയും തോല്‍പ്പിച്ചു സെന്‍കുമാര്‍. ആ ഭാവത്തിലാണ് സെന്‍കുമാറിന്റെ നടത്തം. നിങ്ങള്‍ ആരെയും തോല്‍പ്പിച്ചിട്ടില്ല. നിങ്ങള്‍ തോല്‍പ്പിച്ചത് നിങ്ങളെത്തന്നെയാണ്. ഈ നാടിന്റെ അഭിമാനത്തെയാണ് നിങ്ങള്‍ തോല്‍പ്പിച്ചത്. അന്തസ്സുള്ള ഒരു സര്‍ക്കാറിനെതിരെ നിങ്ങള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം കൊടുത്തു. അത് ശരിയാണോ? എന്നാല്‍ സര്‍ക്കാറിന് സെന്‍കുമാറിനോട് പ്രതികാരമൊന്നുമില്ലെന്നും  മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഡി.ജി.പി ആയിരുന്നപ്പോള്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്നോട് സെന്‍കുമാര്‍ എന്താണ് കാണിച്ചതെന്ന് ഇപ്പോള്‍ താന്‍ വെളിപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ ഇതുവരെ അത് വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഒരു കള്ളക്കേസില്‍ പെടുത്തി. സെന്‍കുമാര്‍ നേരിട്ട് നിര്‍ദ്ദേശിച്ചിട്ടാണ് അന്ന് ആ കേസെടുത്തതെന്ന് ആലപ്പുഴ എസ്.പി ഓഫീസിലെ ഉത്തരവാദപ്പെട്ടവര്‍ തന്നോട് അന്ന് പറഞ്ഞിരുന്നു. വല്യ മാന്യനാണെന്നാണ് പറയുന്നത്. എം.എല്‍.എ കൂടിയായിരുന്ന താന്‍ അവിടെ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ കള്ളക്കേസെടുക്കാന്‍ പറഞ്ഞു. വകുപ്പില്ലെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍, കസേര വേണോ അതോ കേസെടുക്കുന്നോ എന്നാണ് സെന്‍കുമാര്‍ ചോദിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന് വേണ്ടി വോട്ട് പിടിക്കുകയായിരുന്നു സെന്‍കുമാര്‍. അതുകൊണ്ട് അദ്ദേഹം മോശക്കാരനാണെന്നല്ല, എന്നാല്‍ സുപ്രീം കോടതി കാണുന്ന അത്രയും മാന്യനൊന്നുമല്ല. നാട്ടില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് സുപ്രീം കോടതിക്ക് അറിയില്ലല്ലോയെന്നും സുധാകരന്‍ പറഞ്ഞു.

click me!