
കണ്ണൂര്‍: ഫാ.റോബിൻ മാത്യു പ്രതിയായ കൊട്ടിയൂർ ബലാത്സംഗക്കേസിൽ വൈദികന് വേണ്ടി രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകനെ രംഗത്തിറക്കി പ്രതിഭാഗം. വൈദികനെതിരായ പരിശോധനാ ഫലത്തിലെ നേരിയ പഴുതുകൾ അനുകൂലമാക്കാനാണ് ലക്ഷങ്ങൾ വിലയുള്ള തെലങ്കാനയിൽ നിന്നുള്ള അഭിഭാഷകനായ ജി.വി റാവു വൈദികനു വേണ്ടി ഹാജരായത്.
ബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ അച്ഛൻ ഫാ.റോബിൻ മാത്യു തന്നെയാണെന്ന് 99.99 ശതമാനം കൃത്യതയും ഉറപ്പും നൽകിയ ഡിഎൻഎ റിപ്പോർട്ടിൽ ബാക്കിയുള്ള നേരിയ ശതമാനത്തിൽ പിടിച്ചാണ് എതിർഭാഗത്തിന്റെ വാദം. കേസിലെ ഏറ്റവും ശക്തമായ തെളിവായ ഡിഎൻഎ റിപ്പോർട്ടിനെ ആവുംവിധം പ്രതിരോധിക്കാനാണ് പ്രതിഭാഗത്തിന്‍റെ ശ്രമം. അതിനാണ് ഡിഎൻഎ പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധയെ വിസ്തരിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ ജി.വി റാവുവിനെ വൈദികന് വേണ്ടി രംഗത്തിറക്കിയതും.
ഡിഎൻഎ പരിശോധന നടത്തിയയാൾക്ക് മതിയായ വൈദഗ്ധ്യമില്ലെന്നും, ഡിഎൻഎ സാംപിളെടുത്തതും പരിശോധനയും ശാസ്ത്രീയമല്ലെന്നുമുള്ള വാദങ്ങളാണ് ജി.വി റാവു ഉന്നയിച്ചത്. എന്നാൽ കോടതിയിൽ ഹാജരായ ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ഈ വാദങ്ങളെ എതിർത്തു. സാധ്യമായ ഏറ്റവും കൃത്യതയിലാണ് പരിശോധന നടന്നതെന്നും ഇവർ കോടതിയെ അറിയിച്ചു. സാധ്യതകൾ ഉന്നയിക്കുക എന്നതിലപ്പുറം നടപടിക്രമങ്ങളിൽ പാളിച്ചയുണ്ടായെന്ന് സ്ഥാപിക്കാൻ ജി.വി റാവുവിന് ആയില്ലെന്നുള്ള ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷനും. രാജീവ് ഗാന്ധി വധക്കേസ് അന്വേഷണത്തിലടക്കം നിർണായക പങ്ക് വഹിച്ച ഡിഎൻഎ വിദഗ്ധനായ ജി.വി റാവു സർവ്വീസിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിഭാഷകനായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam