ബാലു പോയത് മകൾ തേജസ്വിനിക്കൊപ്പം അലിഞ്ഞ് ചേരാൻ; ബാലഭാസ്കറിനെക്കുറിച്ച് ഷാഫി പറമ്പിൽ എംഎൽഎ

Published : Oct 02, 2018, 05:23 PM IST
ബാലു പോയത് മകൾ തേജസ്വിനിക്കൊപ്പം അലിഞ്ഞ് ചേരാൻ; ബാലഭാസ്കറിനെക്കുറിച്ച് ഷാഫി പറമ്പിൽ എംഎൽഎ

Synopsis

''ഒരു പക്ഷെ 16 വർഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്ര മാത്രം പ്രിയപെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത് ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയിൽ അലിഞ്ഞ് ചേർന്നതായിരിക്കാമെന്ന്. അവൾക്കൊപ്പം തുടരാൻ. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ.'' 

തിരുവനന്തപുരം: ''രണ്ട് വയസ്സ് പ്രായമുള്ളൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസ്സിലാകും. അതുകൊണ്ട് എന്റെ മനസ്സ് പറയുന്നു, ബാലു മരിച്ചതല്ല, തേജസ്വിനിയിൽ അലിഞ്ഞു ചേർന്നതാണ് എന്നാണ്. അവൾക്കൊപ്പം തുടരാൻ. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ.'' പട്ടാമ്പി എംഎൽഎ ഷാഫി പറമ്പിൽ തന്റെ ഫേസ്ബുക്ക് പേജിലാണ് കണ്ണു നനയിക്കുന്ന ഈ കുറിപ്പിട്ടിരിക്കുന്നത്. ബാലഭാസ്കർ തന്റെ മകളെ പിരിയാൻ സാധിക്കാത്തതിനാൽ അവൾക്കൊപ്പം പോയതാണെന്ന്, അവളിൽ അലിഞ്ഞു ചേർന്നതായിരിക്കുമെന്ന് ഷാഫി എംഎൽഎ എഴുതുന്നു.

തേജസ്വനിയെ നൊന്തു പ്രസവിച്ച അമ്മ ലക്ഷ്മി മകളും ഭർത്താവും മരിച്ച വിവരം എങ്ങനെ താങ്ങുമെന്ന് കാര്യമോർക്കുമ്പോൾ പേടിയാകുന്നു എന്ന് പറഞ്ഞാണ് ഷാഫി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

''എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു. കുറച്ച് ദിവസമേ അതുണ്ടായുള്ളൂ. പിന്നീട് അവളത് ദാദാ എന്നാക്കി. പിന്നെ കുറെ മാസങ്ങൾ പാപ്പാ എന്നാ വിളിക്കാറ്. ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവൾക്കും ഞാനിപ്പൊ 'ഇക്ക'യായി.

ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവൾ ഇക്കാന്ന് വിളിക്കാറുണ്ടത്രെ. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ഞാനടുത്തുണ്ടെങ്കിൽ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട് . (ഇന്ന് രാവിലെയും) ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല. സോപ്പിന്റെ പതയിൽ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട്.  ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലിൽ കളിക്കാനും ഇടയ്ക്ക് ഞാൻ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും. എപ്പോഴും കൂടെയുണ്ടാവാൻ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാൻ വാക്കുകൾ പോരാതെ വരും.

ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ്.

ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണർന്നത്. 2 വയസ്സ് പ്രായമായൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസ്സിലാവും. ഒരു പക്ഷെ 16 വർഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്ര മാത്രം പ്രിയപെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത് ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയിൽ അലിഞ്ഞ് ചേർന്നതായിരിക്കാമെന്ന്. അവൾക്കൊപ്പം തുടരാൻ. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ. വയലിൻ കയ്യിലെടുക്കുമ്പോൾ നമ്മളൊക്കെ അതിൽ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാൾ ആയിരം മടങ്ങ്‌ തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു.

ബാലുവിന്റെ പ്രിയ പത്നി ലക്ഷ്മി. തേജ്വസിനിയെ നൊന്ത്‌ പ്രസവിച്ച അമ്മ. പേടി തോന്നുന്നു അവരെ കുറിച്ചോർക്കാൻ. ഈ വേർപാടുകൾ അവരറിയുന്ന നിമിഷത്തെ കുറിച്ചോർക്കാൻ.''

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല
സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍