ഗജ ചുഴലിക്കാറ്റ്: കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Nov 16, 2018, 10:13 AM IST
Highlights

ഗജ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ  യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുൾപ്പെടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ  കാറ്റ് വീശിയേക്കാം. ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും പൊലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകി. 

ഇന്ന് വൈകീട്ട് മുതൽ നവംബർ 19 വരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോസ്റ്റ് ഗാർഡും നാവികസേനയും  മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകണമെന്നും നിർദേശിച്ചു. അതേസമയം, ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം നാലായി.

Also Read: തമിഴ്നാട്ടിൽ വ്യാപക നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; നാല് മരണം

click me!