
തമിഴ്‍നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവുമായെത്തിയ രണ്ടു പേരെ ഇടുക്കിയിലെ കുമളി ചെക്കു പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും രണ്ടരക്കിലോ കഞ്ചാവും പിടികൂടി. പിടിയിലായവർ തമിഴ്നാട് സ്വദേശികളാണ്.
തമിഴ്‍നാട് തേനി കാരാട്ടുപെട്ടി സ്വദേശി ശിവ, മധുര മൂളക്കരൈ സ്വദേശി സ്വതന്ത്രം എന്നിവരാണ് കഞ്ചാവു കടത്തുന്നതിനിടെ ചെക്കു പോസ്റ്റിൽ വച്ച് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. തേനിയിൽ നിന്നും വാങ്ങിയ കഞ്ചാവുമായാണ് ഇവർ കുമളിയിലെത്തിയത്. കുമളിയിലെ തമിഴ്നാട് ബസ്സ് സ്റ്റാൻറിൽ ഇറങ്ങിയ ശേഷം ചെക്കു പോസ്റ്റിലൂടെ നടന്നു വന്നപ്പോഴാണ് പിടിവീണത്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ശിവയാണ് അദ്യം എത്തിയത്. ഇയാളുടെ ഷോൾഡർ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവ് ശിവയുടെ ബാഗിലുണ്ടായിരുന്നു. പലർച്ചയോടെ എത്തിയ സ്വതന്ത്രത്തിൻറെ ബാഗിനുള്ളിൽ നിന്നും ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവും പിടികൂടി. പേപ്പറിൽ പൊതിഞ്ഞാണ് ഇരുവരും കഞ്ചാവ് ബാഗിനുള്ളിൽ വച്ചിരുന്നത്. തേനിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിതെന്നാണ് ഇവർ പറയുന്നത്. ആലപ്പുഴ ഭാഗത്ത് വാഹനം ഓടിക്കുന്നവരാണിവർ. അവിടെയെത്തിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ചില്ലറ വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴി നൽകിയിട്ടുണ്ട്.
ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam