ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവിൻ പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ജീവനക്കാർ വിശദീകരണവുമായി രംഗത്ത്. കേസിൽ അറസ്റ്റിലായ അലക്സിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഒരുങ്ങുകയാണ്. പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊച്ചി: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്. റിസോർട്ടിൽ മദ്യം ഉപയോഗിച്ചതോ പ്രായപൂർത്തിയാകാത്ത കുട്ടികൾ എത്തിയതോ അറിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. മുറി ബുക്ക് ചെയ്ത സമയത്ത് നൽകിയ ഐ.ഡി കാർഡുകൾ 18 വയസ്സ് കഴിഞ്ഞവരുടേതായിരുന്നുവെന്നും, അതിഥികൾ എത്തിയശേഷം ആ ഭാഗത്തേക്ക് പോയിട്ടില്ലെന്നും റിസോർട്ട് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ റിസോർട്ട് മാനേജറുടേയും കെയർ ടേക്കറുടേയും മൊഴി ആലുവ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസിൽ അറസ്റ്റിലായ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനായി നാളെ പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പാർട്ടിയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം
നേരത്തെ, മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ ആഘോഷത്തിനിടെ 15 വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയായ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
കടവന്ത്ര സ്വദേശിയായ അലക്സാണ് പാർട്ടി സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും മുന്നിൽ നിന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിഥികളായി പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.














