
ഹൈദരാബാദ്: രാഷ്ട്രപിതാവും അഹിംസാവാദിയുമായ ഗാന്ധിജിയെ നമുക്കെല്ലാവർക്കും പരിചയമുണ്ട്. എന്നാൽ ഹൈദരാബാദിലെ ചിത്യാൽ ഗ്രാമത്തിന് ഗാന്ധിജി ദൈവമാണ്. ഗാന്ധിയ്ക്ക് വേണ്ടി ഇവിടെ അമ്പലം നിർമ്മിച്ചിട്ടുണ്ട്. കറുത്ത കല്ലിലാണ് ഈ ക്ഷേത്രത്തിലെ ഗാന്ധി പ്രതിഷ്ഠ. ഒരു വെളുത്ത ഷാളും പുതപ്പിച്ചിരിക്കുന്നു. സാധാരണ അമ്പലങ്ങളിൽ ചെയ്യുന്നത് പോലെ തന്നെ ഇവിടെ പൂജയും ആരാധനയും നടക്കുന്നുണ്ട്. ഇരിക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമ ഭക്തർക്ക് അനുഗ്രഹം നൽകുന്ന രീതിയിലാണ്. മറ്റ് ഹിന്ദു ദൈവങ്ങളെപ്പോലെ ഈ ദൈവത്തിന്‍റെ കൈകളിൽ ആയുധമില്ല എന്നൊരു വ്യത്യാസമുണ്ട്. ഹൈദരാബാദിൽ നിന്നും എഴുപത് കിലോമീറ്റർ അകലെയുള്ള നൽഗോണ്ട ജില്ലയിലെ കൊച്ചുഗ്രാമമാണ് ചിത്യാൽ.
2015- ലാണ് മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സ്ഥാപിച്ച ഈ അമ്പലം ഊർജ്ജമന്ത്രി ജി ജഗദീശ്വർ റെഡ്ഡി ഉദ്ഘാടനം ചെയ്തത്. ലാളിത്യവും വിനയവും നിറഞ്ഞ ജീവിതമായിരുന്നു ഗാന്ധിജിയുടേത്. എന്നാൽ അഞ്ച് ഏക്കർ പ്രദേശത്തിന്റെ നടുവിലാണ് ഈ ഗാന്ധി അമ്പലം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ്- വിജയവാഡ ദേശീയ പാതയോട് ചേർന്നതാണ് ഈ ഭൂമി. രണ്ട് നിലകളിലായിട്ടാണ് അമ്പലം നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിലുള്ള ധ്യാനമുറിയോട് ചേർന്നാണ് വിഗ്രഹത്തിന്റെ സ്ഥാനം. ഭക്തർക്കുള്ള പ്രഭാഷണങ്ങൾ നടത്തുന്നത് ഇവിടെ വച്ച് തന്നെ. മാർബിൾ കൊണ്ട് നിർമ്മിച്ച മറ്റൊരു ഗാന്ധി പ്രതിമയും ധ്യാനമുറിയിലുണ്ട്. വന്ദേ ദേവാം. വന്ദേ ബാപ്പു, വന്ദേ ഗാന്ധി എന്നിങ്ങനെയുള്ള വചനങ്ങളാണ് ഇവിടെ എഴുതിവച്ചിട്ടുള്ളത്.
മാത്രമല്ല, വാരണാസി, തിരുപ്പതി, അമൃത്സർ, ഹരിദ്വാർ എന്നിവിടങ്ങളിൽ നിന്നുള്ള പുണ്യമണ്ണ് ഇവിടെയുണ്ട്. എല്ലാ മതങ്ങളും തുല്യമാണെന്ന ഗാന്ധിയൻ ആശയത്തെ ശക്തമാക്കാനാണ് ഇവ. അതുപോലെ എല്ലാ മതങ്ങളുടെയും വിശുദ്ധ പുസ്തകങ്ങൾ ഇവിടെയുണ്ട്. അഹിംസയുടെയും കാരുണ്യത്തിന്റെയും ആൾരൂപമായിരുന്നു ഗാന്ധിജി. മറ്റൊരാളുടെയും ആശയങ്ങൾ ഇത്രമേൽ മനുഷ്യ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗാന്ധിജിക്ക് ഒരു ദേവാലയം എന്നത് അത്യാവശ്യമായ കാര്യമാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് സഹായകരമാകും. - അമ്പല നടത്തിപ്പുകാരിലൊരാൾ പറയുന്നു.
രാവിലെ ആറര മുതൽ വൈകിട്ട് എട്ടര വരെ അമ്പലം ഭക്തർക്കായി തുറന്നു കൊടുക്കും. ഭക്തരുടെ ആവശ്യമനുസരിച്ച് പൂജകൾ ചെയ്യാൻ പൂജാരിമാരുണ്ട്. ഗാന്ധിജിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ ഭക്തർ ഇവിടെയെത്തിച്ചേരാറുണ്ട്. നേർച്ചയിടാനുള്ള ഭണ്ഡാരം ഇവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യകത. പൂജ നടത്താനായി പ്രത്യേകം പണം അടയ്ക്കേണ്ടി വരും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് പ്രത്യേക പൂജകളുമുണ്ടാകും. സ്കൂൾ വിദ്യാർത്ഥികൾക്കായി അന്നേ ദിവസം ഗാന്ധിജിയെ അടിസ്ഥാനമാക്കിയുളള എഴുത്തു മത്സരങ്ങൾ നടത്തും.
എന്നാൽ സർക്കാരിന്‍റെ ഭൂമി കയ്യടക്കാനുള്ള രാഷ്ട്രീയ ഇടപെടലാണ് ഈ അമ്പലം എന്ന ആരോപണവും ഇവിടെ നിലനിൽക്കുന്നുണ്ട്. സർക്കാർ ഭൂമിയിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. എന്നാൽ സ്ഥിരമായി ഒരു പൂജാരി ഇവിടെ ഉണ്ടാകാറില്ല എന്ന് പ്രദേശവാസികൾ പറയുന്നു. രാഷ്ട്രീയ പ്രവർത്തകർ ആരെങ്കിലും വരുന്ന ദിവസങ്ങളിലാണ് ഇത് തുറക്കാറുള്ളത്. എന്ത് തന്നെയായാലും ഈ അമ്പലം വന്നതോടെ ഗ്രാമത്തിൽ ഗുണകരമായ മാറ്റങ്ങൾ സംഭവിച്ചു എന്നാണ് ഗ്രാമവാസികൾ പറയുന്നത്. ദേശീയ പാതയിൽ ആക്സിഡന്റ് മൂലം ഓരോ വർഷവും നൂറ്റിഅമ്പതിലേറെ ജനങ്ങളാണ് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അപകടമരണങ്ങൾ നടക്കാറില്ലെന്ന് പ്രദേശ വാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam