
എണ്ണ വില ബാരലിന് 40 മുതല്‍ 60 എന്ന നിലയില്‍ തുടരുമെന്നായിരുന്നു കണ്‍സള്‍ട്ടിങ് ഏജന്‍സിയായ മൂടി ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.എന്നാല്‍ 2017 ഓടെ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 45 ഡോളര്‍ എന്ന നിരക്കിലെത്തുമെന്നാണ് ഇതേ ഏജന്‍സി തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക മേഖല പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും കുറഞ്ഞ നിരക്കില്‍ ദീര്‍ഘ കാലം തുടരില്ലെന്നാണ് കണ്ടെത്തല്‍. ഇടക്കാലത്തുണ്ടായ എണ്ണ വിലയിലെ വര്‍ധന മേഖലയിലെ എണ്ണയുല്‍പാദക രാജ്യങ്ങള്‍ക്കു ആശ്വാസമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത്,ഖത്തര്‍,ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഇടക്കാലത്തുണ്ടായ വില വര്‍ധനവില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ രാജ്യങ്ങള്‍. എന്നാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കില്‍ ഈ മൂന്നു രാജ്യങ്ങളിലും താഴ്ചയാണ് അനുഭവപ്പെട്ടത്. സാമ്പത്തിക രംഗത്തു ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ നിലവിലെ അവസ്ഥയില്‍ നിന്ന് എളുപ്പം കരകയറാനാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഇതിനിടെ അള്‍ജീരിയയില്‍ അടുത്ത മാസം നടക്കുന്ന ഒപെക് രാജ്യങ്ങളുടെ സമ്മേളനത്തിന് മുന്നോടിയായി ഒപെക് പ്രതിനിധികള്‍ ഇറാനും ഖത്തറും സന്ദര്‍ശിക്കും.
എണ്ണ ഉത്പ്പാദനം താത്ക്കാലികമായി മരവിപ്പിക്കാനുള്ള നിര്‍ദേശം അള്‍ജീരിയന്‍ സമ്മേളനത്തില്‍ വീണ്ടും ചര്‍ച്ചചെയ്യാനിരിക്കെ ഈ വിഷയത്തില്‍ ഇറാനും ഖത്തറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് സന്ദര്‍ശനം കൊണ്ട് ഒപെക് ഉദ്ദേശിക്കുന്നത്. ഉത്പാദനം താത്കാലികമായി മരവിപ്പിക്കാനുള്ള നിര്‍ദേശത്തോടുള്ള ഇറാന്റെ എതിര്‍പ്പ് ഒപെക് അധ്യക്ഷ പദവിയിലുള്ള ഖത്തറിന് വലിയ അതൃപ്തിയുണ്ടാക്കിയതായാണ് സൂചന.എന്തായാലും അള്‍ജീരിയയില്‍ ചേരാനിരിക്കുന്ന ഒപെക് സമ്മേളനം എണ്ണ വിലയുമായി ബന്ധപ്പെട്ട ചില നിര്‍ണായക തീരുമാനങ്ങള്‍ക്ക് വേദിയാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam