സീറോ മലബാര്‍ സഭ ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

By Web TeamFirst Published Aug 9, 2018, 9:47 PM IST
Highlights

സഭയുടെ ഭൂമി ഇടപാടില്‍ കള്ളപ്പണ കൈമാറ്റം നടന്നതായുളള ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി ആലഞ്ചേരിയെ വിളിച്ചുവരുത്തിയത്

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദയ നികുതി വകുപ്പ് വിളിച്ചുവരുത്തി മൊഴിയെടുത്തു. സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിലെ കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. 

സഭയുടെ ഭൂമി ഇടപാടില്‍ കള്ളപ്പണ കൈമാറ്റം നടന്നതായുളള ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി ആലഞ്ചേരിയെ വിളിച്ചുവരുത്തിയത്. കര്‍ദ്ദിനാളിന്‍റെ ചോദ്യംചെയ്യല്‍ ആറ് മണിക്കൂറോളമാണ് നീണ്ടുനിന്നത്. 

എന്ത് മാത്രം ഭൂമിയാണ് സഭ വിറ്റത്, എത്ര രൂപയ്ക്കാണ് സഭ ഭൂമി ഇടപാട് നടത്തിയത്, ഭൂമി ഇടപാട് സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍, തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നത് സംബന്ധിച്ച ചോദ്യങ്ങളാണ് അദ്ദേഹത്തോട് ചോദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇടനിലക്കാരുടെ മൊഴി നേരത്തെ ആദയ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു.     

click me!