
വെല്ലൂർ: വീട്ടിൽ ശൗചാലയം നിർമിച്ചു നൽകാത്ത പിതാവിനെതിരെ പരാതി നൽകിയ ഏഴുവയസ്സുകാരിയെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ അംബാസിഡർ ആയി നിയമിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ആമ്പൂർ നഗരസഭയാണ് രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഹനീഫ സാറയെ അംബാസിഡർ ആയി നിയമിച്ചത്. ആമ്പൂരിലെ നടരാജൻ പിള്ളയാർ കോവിൽ സ്ട്രീറ്റിലാണ് സാറയും കുടുംബവും താമസിക്കുന്നത്.
ആമ്പൂരിലുള്ള സ്വകാര്യ സ്കൂളിൽ വിദ്യാർഥിനിയായ സാറ പിതാവ് ഇഹ്‌സാനുള്ളയ്ക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. എൽ കെ ജിയിൽ ഒന്നാം റാങ്ക് നേടി വിജയിച്ചാൽ ശൗചാലയം നിർമിച്ച് തരാമെന്ന് പിതാവ് വാക്ക് പറഞ്ഞിരുന്നു. എന്നാൽ എൽ കെ ജി മുതൽ ഒന്നാം റാങ്ക് നേടിയിട്ടും പിതാവ് വാക്ക് പാലിച്ചില്ലെന്നും അതിനാൽ പിതാവിനെ അറസ്റ്റ് ചെയ്യണമെന്നും സാറ പരാതിയിൽ ഉന്നയിച്ചിരുന്നു. പിതാവിനെക്കൊണ്ട് ശൗചാലയം ഉടൻ പണിത് താരാമെന്നുള്ള ഉറപ്പ് എഴുതി വാങ്ങിച്ചു തരാനും സാറ പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്കൂളിനടുത്തുള്ള ആമ്പൂർ വനിതാ പൊലീസ് സ്റ്റേഷനിൽ മാതാവ് മെഹറിനൊപ്പം എത്തിയാണ് സാറ പരാതി നൽകിയത്.
സാറയുടെ പരാതി സ്വീകരിച്ച എസ് ഐയായ എ വളർമതി പിതാവ് ഇഹ്‌സാനുള്ളയെ സ്റ്റേഷിൽ വിളിച്ചുവരുത്തി. എന്നാൽ ശൗചാലയത്തിന്റെ നിർമാണം തുടങ്ങിയിരുന്നതായും തൊഴിലില്ലാത്തത് കാരണമാണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും ഇഹ്‌സാനുള്ള പൊലീസിനെ അറിയിച്ചു. തനിക്ക് കുറച്ചുകൂടി സാവകാശം തരണമെന്ന് സാറയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം അവൾ തന്നോട് മിണ്ടിയിട്ടില്ലെന്നും ഇഹ്‌സാനുള്ള കൂട്ടിച്ചേർത്തു.
സാറയുടെ പരാതിയിൽ ഗൗരവതരമായി എടുത്ത പൊലീസ് ആമ്പൂർ നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തുകയും സാറയുമായി സംസാരിക്കുകയും വീട്ടിൽ ശൗചാലയം നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമാണ് സാറ വീട്ടിലേക്ക് പോയത്.
തുടർന്ന് സംഭവം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ കലക്ടറെ അറിയിച്ചു. വിവരമറിഞ്ഞ കലക്ടർ സ്വച്ഛ്ഭാരത് പദ്ധതിയുടെ കീഴിൽ സാറയുടെ വീട്ടിൽ ശൗചാലയം നിർമിക്കാൻ ഉത്തരവിട്ടു. കലക്ടറുടെ ഉത്തരവ് പ്രകാരം നഗരസഭാ അധികൃതർ സാറയുടെ വീട്ടിൽ ശൗചാലയം നിർമിക്കുന്നതിലുള്ള പണികൾ ആരംഭിച്ചു.
വീട്ടിൽ ശൗചാലയം നിർമിക്കുന്നതിനായി സാറ എടുത്ത പ്രയത്നത്തെ അധികൃതരും നാട്ടുകാരുമുൾപ്പടെ എല്ലാവരും അഭിനന്ദിച്ചു. അതൊടൊപ്പം സാറയെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ആമ്പൂർ നഗരസഭ നിയമിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam