
സിലിക്കൺവാലി: ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 20,000ത്തോളം ജീവനക്കാർ നടത്തിയ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ ലൈംഗികാതിക്രമണ പരാതികളില്‍ സുതാര്യത വരുത്തി ഗൂഗിൾ. ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് വരുന്ന പരാതികളിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്തുമെന്നും കമ്പനി അറിയിച്ചു. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ വ്യാഴാഴ്ച്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇ-മെയിൽ സന്ദേശത്തിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിനെ പറ്റിയും പുതിയ പരിഷ്കാരങ്ങളെ പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിങ്ങൾ കൊണ്ടുവരുന്ന ആശങ്കകളെ കുറിച്ചും അതിൽ എടുക്കേണ്ട നടപടികളെ കുറിച്ചും സുതാര്യത നിലനിർത്തുമെന്നും പിച്ചൈയുടെ ഇ-മെയിലില്‍ പറയുന്നു. അതേ സമയം ലോകമെമ്പാടും പടർന്ന് പന്തലിക്കുന്ന മീ ടു വെളിപ്പെടുത്തലുകളെ പറ്റി ചർച്ച ചെയ്യുമ്പോൾ കമ്പനിക്ക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ മറ്റുള്ളവർക്ക് മാതൃകയാകാൻ ഗൂഗിളിന് കഴിയുമെന്നാണ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞമാസം ഗൂഗിളിലെ 50 ഓഫീസുകളിലെ ജീവനക്കാർ ഓഫീസിന് പുറത്തിറങ്ങി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍. ലൈംഗികാരോപണ വിവാദം ആരോപിച്ച് ഗൂഗിൾ നാൽപത്തിയെട്ട് പേരെ പുറത്താക്കിയിരുന്നു. അതിൽ പതിമൂന്ന് പേർ കമ്പനിയിലെ മുതിർന്ന ജീവനക്കാരാണെന്ന് സുന്ദർ പിച്ചൈ പറഞ്ഞിരുന്നു.
ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ആൻഡ്രോയിഡ് ഉപജ്ഞാതാവായ ആൻഡി റൂബിനെയും പുറത്താക്കുകയുണ്ടായി. ലൈംഗികാരോപണ പരാതികൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ കർശന നടപടിയായിരിക്കും കമ്പനി സ്വീകരിക്കുക എന്നും സുരക്ഷിതമായ തൊഴിലിടം ജീവനക്കാർക്ക് നൽകുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യമെന്നും സുന്ദർപിച്ചൈ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam