അവിവാഹിതരായ ആദിവാസി അമ്മമാരെ പുനരധിവസിപ്പിക്കും: ഏ കെ ബാലന്‍

By honey R KFirst Published Jul 9, 2016, 7:06 AM IST
Highlights

തിരുവനന്തപുരം: വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് മന്ത്രി ഏ കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുനരധിവാസ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ചു തൊഴില്‍ നല്‍കും. ഈ അമ്മമാരുടെ അച്ഛനില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. ഉദ്യോഗസ്ഥരെയും വളണ്ടിയേഴ്സിനെയും ഫലപ്രദമായി ഉപയോഗിക്കുമെന്നും ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ അഞ‌്ച് വര്‍ഷം കൊണ്ട് കുളം തോണ്ടിയ വകുപ്പാണ് പട്ടികജാതി വകുപ്പെന്നും ഏ കെ ബാലന്‍ പറ‌ഞ്ഞു.  ഉത്തരവാദിത്വമില്ലാത്ത ഒരു കാലഘട്ടമായിരുന്നു. എസ്‍ടി ഡയറക്ടറെ ഉപയോഗിച്ച് സമഗ്രമായ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. ക്രമവിരുദ്ധമായ പ്രവര്‍ത്തികള്‍ ഊരുവികസനത്തിന്‍റെ പേരില്‍ നടന്നിട്ടുണ്ട്. ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ട്. ബ്യൂറോക്രാറ്റിക്ക് സെറ്റപ്പിന്‍റെ ഇടപടല്‍ സാമ്പത്തിക ദുരുപയോഗത്തിനിടയാക്കി. തകര്‍ന്നു വീഴാറായ കൂരകളുടെ മുറ്റത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ടൈല്‍ പാകിയ സംഭവത്തില്‍ സെക്രട്ടറിതല അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

click me!