സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ റിപ്പോര്‍ട്ട്

By Web DeskFirst Published Aug 17, 2017, 1:25 PM IST
Highlights

തിരുവനന്തപുരം: കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട്. ഹൈക്കോടതി ജഡ്ജിയുടെ പദവിയുളള ന്യായാധിപനെ വിജിലന്‍സ് കമ്മീഷണര്‍ ആക്കണമെന്നതടക്കമുളള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

ചുമതലയേറ്റ് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെയാണ് കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട്. കാലാവധി തീരുന്നതിനോടടുപ്പിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്‍കുന്ന രീതിക്ക് പകരം സ്വീകരിച്ചത് ഓരോ വിഷയത്തിന്മേലുളള പഠനറിപ്പോര്‍ട്ട് എന്ന രീതിയാണ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് വേണ്ടവിധം എത്താത്തിന്റെ പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയെന്നാണ് ഭരണ പരിഷ്‌കാര കമ്മീഷന്റെ കണ്ടെത്തല്‍. അഴിമതി തടയാന്‍ വേണ്ടത് വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരണത്തോടൊപ്പം വിജിലന്‍സ് ഡയറക്ട്രേറ്റ് രൂപീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഭരണ പരിഷ്‌കാര കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അംഗങ്ങള്‍ അറിയിച്ചു.

click me!