അഴിമതിയുടെ തോത് അനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഗ്രേഡ്

By Web DeskFirst Published Feb 1, 2017, 2:34 AM IST
Highlights

ദില്ലി: അഴിമതിയുടെ തോതനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. പരാതികള്‍  കുറവാണെങ്കിലും ഇപ്പോള്‍ ഏറ്റവുമധികം അഴിമതി നടക്കുന്നത് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിലാണെന്നും ജേക്കബ് തോമസ് കോഴിക്കോട് പറഞ്ഞു.

 എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അഴിമതിയുണ്ട്. കൂടുതല്‍ എവിടെ നടക്കുന്നുവെന്നാണ് ഇനി അറിയേണ്ടത്. ഇതിനായാണ് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. ലഭിക്കുന്ന പരാതികളുടെയും, വിജിലന്‍സ് സ്വീകരിക്കുന്ന നടപടികളുടെയും അടിസ്ഥാനത്തില്‍ എ ബി സി ഡി ഗ്രേഡുകള്‍ നല്‍കാനാണ് തീരുമാനം. അഴിമതി ഏറ്റവും കൂടിയ വകുപ്പിന് എ ഗ്രേഡും തോത് കുറയുന്നതനുസരിച്ച് ഡി വരെയും നല്‍കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

അഴിമതി സംബന്ധിച്ച് ഏറ്റവുമധികം പരാതികള്‍ കിട്ടുന്നത് തദ്ദേശഭരണ വകുപ്പിനെതിരെയാണ്. എന്നാല്‍ തന്‍റെ അന്വേഷണത്തില്‍ ഏറ്റവുമധികം അഴിമതി നടക്കുന്നുവെന്ന് ബോധ്യപ്പെട്ടത് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിലാണെന്നും ജേക്കബ്ബ് തോമസ് വെളിപ്പെടുത്തി.

പാരിസ്ഥികാനുമതിയുടെ മറവില്‍ മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ വന്‍ അഴിമതിയാണ്  നടക്കുന്നത്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പോലും ഖനനാനുമതി ലഭിക്കുന്നതിന് പിന്നില്‍ ഇത്തരം ഇടപെടലുകളുണ്ടെന്ന് പരക്കെ ആരോപണവുമുണ്ട്.

click me!