നിപ വൈറസ്; ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം

By Web DeskFirst Published Jun 1, 2018, 10:00 AM IST
Highlights

ബാലുശ്ശേരി ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിങ്ങ് ജീവനക്കാരോടുമാണ് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്.

കോഴിക്കോട്: നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം. ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിങ്ങ് ജീവനക്കാരോടുമാണ് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഒ.പി തടസ്സപ്പെടില്ലെന്നും  ആരോഗ്യ വകുപ്പ് അറിയിച്ചു. ഡോക്ടർ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അവധി നൽകിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിപ്പ വൈറസ് ബാധിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ  തേടിയിരുന്ന രണ്ട് പേര്‍  മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യ  വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ  മരിച്ചവരുമായി ബന്ധമുള്ള എല്ലാവരുടെയും വിവരം ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ 5, 14 തീയതികളില്‍  മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും 18, 19 തീയതികളില്‍   ബാലുശേരി താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നിപ വൈറസ് നിയന്ത്രണ വിധേയമെന്ന പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചത്. ഒടുവില്‍ മരിച്ച കോട്ടൂര്‍ പൂനത്ത് സ്വദേശി റാസിന് വൈറസ് ബാധയേറ്റത് വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. ഇതുവരെ വൈറസ് ബാധ കണ്ടെത്തിയവരെല്ലാം തന്നെ ചങ്ങരോട്ട് വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ കുടുംബവുമായി ബന്ധമുള്ളവരോ ഈ കുടുംബം ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ വന്നിരുന്നവരോ ആയിരുന്നു. എന്നാല്‍ റാസിന് വൈറസ് ബാധയേറ്റത് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ്. ഈ സാഹചര്യത്തിലാണ് ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. 

അതേസമയം നിപയെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് കരുതുന്ന ഹ്യൂമന്‍ മോണോക്ളോണല്‍ ആന്റിബോഡിയെന്ന പുതിയ മരുന്ന് ഓസ്‍ട്രേലിയയില്‍നിന്നും ഇന്ന് സംസ്ഥാനത്ത് എത്തിക്കും. ഓസ്‍ട്രേലിയയില്‍ സമാനമായ വൈറസ് ബാധ ഉണ്ടായപ്പോള്‍ 12 പേരില്‍ പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്ത മരുന്നാണിത്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ചെസ്റ്റ് ഐസിയുവില്‍ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

click me!