
കൊച്ചി: ഫീസ് വർദ്ധന ചോദ്യം ചെയ്തതിന് നാല് കുട്ടികളെ സ്കൂൾ തുറക്കുന്നതിന്‍റെ തലേന്ന് ടി സി നൽകി പുറത്താക്കിയെന്ന് ആരോപണം. വരാപ്പുഴ അതിരൂപതയ്ക്ക് കീഴിലുള്ള കൊച്ചിയിലെ അസീസി വിദ്യാനികേതൻ സ്കൂളിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
അന്യായമായ ഫീസ് വർദ്ധനയ്ക്ക് എതിരെ സമരം ചെയ്ത രക്ഷിതാക്കളുടെ കുട്ടികളെ തെരഞ്ഞ് പിടിച്ച് പുറത്താക്കിയെന്നാണ് ആരോപണം. നാല് കുട്ടികൾക്ക് രജിസ്ട്രേഡായാണ് സ്കൂൾ അധികൃതർ ടിസി അയച്ചിരിക്കുന്നത്. അടിക്കടിയുള്ള ഫീസ് വർദ്ധനയ്ക്ക് എതിരെ കഴിഞ്ഞ അധ്യയന വർഷം സ്കൂളിൽ സമരം നടന്നിരുന്നു. ഇതേത്തുടർന്നുണ്ടായ ഒത്തുതീർപ്പ് ചർച്ചയിൽ മുന്നറിയിപ്പില്ലാതെ ഫീസ് കൂട്ടില്ലെന്ന് മാനേജ്മെന്‍റ് ഉറപ്പ് നൽകിയിരുന്നതായി രക്ഷിതാക്കൾ പറയുന്നു. എന്നാൽ ഈ അധ്യയന വർഷവും ഫീസ് കൂട്ടി. ഇതടയ്ക്കാൻ വിസമ്മതിച്ചവരുടെ കുട്ടികളെയാണ് പുറത്താക്കിയത്.
കഴിഞ്ഞ വർഷത്തെ സമരത്തിന് ശേഷം 50 ശതമാനം ഫീസ് കുറച്ചിരുന്നെന്നാണ് മാനേജ്മെന്‍റ് നിലപാട്. ഈ അധ്യയന വർഷം ഫീസിൽ 7 ശതമാനം വർദ്ധന മാത്രമാണ് വരുത്തിയതെന്നും ഇതടയ്ക്കാൻ തയ്യാറാകാത്തവർക്കെതിരെ നിയമപരമായ നടപടി എടുക്കുകയാണ് ചെയ്തതെന്നും മാനേജ്മെന്‍റ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കളക്ടർ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമായില്ലെങ്കിൽ തുടർ സമരങ്ങൾക്കൊപ്പം കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam