
മലപ്പുറം: സാക്ഷ്യപത്രത്തിന് ഭിന്നശേഷിക്കാരോട് ഫീസ് ചോദിച്ചു വാങ്ങി സർക്കാർ ഡോക്ടർമാർ. മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് ഭിന്നശേഷിക്കാരായ പാവങ്ങളിൽ നിന്ന് സാക്ഷ്യപത്രത്തിന് പണം ചോദിച്ച് വാങ്ങിയത്.
വികലാംഗ കോർപ്പറേഷന്‍റെ ശുഭയാത്ര പദ്ധതിയിൽ ഇലക്ട്രോണിക് വീൽചെയർ ലഭിക്കണമെങ്കിൽ അപേക്ഷകർ ഭിന്നശേഷിക്കാരാണെന്നതിന് സർക്കാർ ഡോക്ടർമാരുടെ സാക്ഷ്യപത്രം വേണം. ഈ സാക്ഷ്യപത്രത്തിനാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഭിന്നശേഷിക്കാരിൽ നിന്ന് ഫീസ് ചോദിച്ചു വാങ്ങിയത്. നൂറു രൂപയാണ് ഓരോരുത്തരിൽ നിന്നും ഫീസായി ഡോക്ടർമാർ വാങ്ങിയത്. വീൽചെയറിനുള്ള അപേക്ഷ ഈ മാസം അഞ്ചാം തിയ്യതിക്കകം നൽകണമെന്നതിനാൽ എല്ലാവരും ഫീസ് നൽകി സാക്ഷ്യപത്രം വാങ്ങി. നിർധനരും പരസഹായമില്ലാതെ ചലിക്കാൻ പോലും കഴിയാത്തവരേയും പോലും പണം ഈടാക്കുന്നതിൽ നിന്ന് പ്രതിമാസം ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടർമാർ ഒഴിവാക്കിയില്ല.
സാക്ഷ്യപത്രത്തിന് ഫീസ് ഈടാക്കാൻ അനുമതി ഉണ്ടെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. ചികിത്സ അടക്കമുള്ള സർക്കാർ ആനുകൂല്യത്തിന് മാത്രമാണ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.വികലാംഗ കോർപ്പറേഷന്‍റെ വീൽചെയർ ആനുകൂല്യത്തിന് ഇത് ബാധകമല്ലെന്നുമാണ് ഇവരുടെ ന്യായീകരണം. പണം വാങ്ങിയത് വിവാദമായതോടെ തിരുരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam