
കോഴിക്കോട്: വനിതാ മതിലില്‍ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. മതത്തിന്‍റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞു.
വൈകിട്ട് നാലിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം.
ഡിസംബർ ഒന്നിന് മതിൽ തീർക്കാനുള്ള പ്രഖ്യാപനം വന്നത് മുതൽ സംസ്ഥാനത്തെ പ്രധാന ചർച്ച ആരൊക്കെ മതിലിനൊപ്പമുണ്ട്, മതിലിന് പുറത്തുണ്ട് എന്നതായിരുന്നു. ശബരിമലയിൽ സുപ്രീം കോടതിയുടെ യുവതീപ്രവേശനവിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാറിനെതിരെ വിശ്വാസികളുടെ കടുത്ത എതിർപ്പാണ് ഉയർന്നു വന്നത്. കോൺഗ്രസ്സും ബിജെപിയും വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് സർക്കാർ നവോത്ഥാനമൂല്യം ഉയർത്തിയുള്ള പ്രതിരോധ മതിൽ തീർക്കാനൊരുങ്ങിയത്.
എസ്എൻഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാർട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതിൽ. 3.30 ക്കാണ് ട്രയൽ. കാസർഗോഡ് ടൗൺ സ്ക്വയറിൽ മന്ത്രി കെകെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതിൽ തീർക്കുന്നത്.
തിരുവനന്തപുരത്ത് പ്രതിജ്ഞക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ മന്ത്രിമാരും നേതാക്കളും പിന്തുണയുമായുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്കാരിക പ്രവർത്തകർ മതിലിൽ പങ്കെടുക്കാനെത്തും. അതുപോലെ തന്നെ സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ മതിലിന് കൂടുതൽ കരുത്തേകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam