
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ ഭാര്യമാർക്ക് ഫിഷറീസ് വകുപ്പിൽ ജോലി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാൽപ്പത്തിരണ്ട് സ്ത്രീകൾക്ക് നിയമനം നൽകിയത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ മേഖലകളിലെ നാൽപ്പത്തി ഒന്ന് മത്സ്യത്തൊളിലാളികളുടെ ഭാര്യമാർക്കാണ് ഫിഷറീസ് വകുപ്പിൽ നിയമനം. കാസർക്കോട് നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ ഭാര്യയെ കണ്ണൂരിലെ വലനെയ്ത്തുശാലയിലും നിയമിച്ചു. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മ പുതിയ ജോലിക്കാർക്ക് സ്വീകരണം നൽകി.
എന്നാൽ നിയമനത്തിൽ അഴിമതി ആരോപിച്ച് ഉദ്ഘാടനത്തിനെത്തിയ ഫിഷറീസ് മന്ത്രിയെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ജീവനക്കാരെ നിയമിച്ചതിൽ അഴിമതിയുണ്ടെന്നും നാട്ടുകാരെ അവഗണിച്ചുവെന്നുമാണ് ഇവരുടെ ആരോപണം. മന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയാണ് ഇവർ പ്രതിഷേധം അറിയിച്ചത്. നിയമനം നടത്തുന്നതിനായി പ്രദേശവാസികളായ അറുന്നൂറിലേറെ പേരുടെ അഭിമുഖം നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. നിയമന നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ ഫാക്ടറിക്കു മുന്നിൽ സമരം നടത്താനാണ് സമരക്കാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam