ഇടുക്കി ഡാം തുറക്കുന്നു: ട്രയല്‍ റണിനായി 12 മണിക്ക് ഷട്ടര്‍ തുറക്കും

Published : Aug 09, 2018, 10:28 AM ISTUpdated : Aug 09, 2018, 11:14 AM IST
ഇടുക്കി ഡാം തുറക്കുന്നു: ട്രയല്‍ റണിനായി 12 മണിക്ക് ഷട്ടര്‍ തുറക്കും

Synopsis

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്. 

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്. 12 മണിയോടെ ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥിഗതികള്‍ പരിശോധിക്കാന്‍ വൈദ്യുതി മന്ത്രി ഇടുക്കി ഡാം സൈറ്റിലേക്ക് തിരിച്ചിട്ടുണ്ട്. ഷട്ടറുകള്‍ 11 മണിക്ക് തുറക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇന്ന് രാവിലെ ഇടമലയാര്‍ ഡാം കൂടി തുറന്ന സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത് 12 വരെ നീട്ടിവച്ചത്. 

ഇടമലയാര്‍ ഡാമിനൊപ്പം ഇടുക്കി ഡാമും കൂടി തുറന്നാല്‍ ആലുവയിലും എറണാകുളം ജില്ലയിലും വെള്ളപ്പൊക്കമുണ്ടായേക്കാം എന്ന ആശങ്കയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ച ശേഷമായിരിക്കും ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. രാവിലെ അഞ്ച് മണിക്കാണ് ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഈ വെള്ളം ആലുവയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ പലയിടത്തും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. മുകളിലെ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ഭൂതത്താന്‍ അണക്കെട്ടില്‍ 15 ഷട്ടറുകളും ഇതിനോടകം തുറന്നിട്ടുണ്ട്. 

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹച്യരത്തില്‍ ചെറുത്തോണി ഡാമിന്‍റെ താഴത്തുള്ളവരും ചെറുതോണി--- പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ - ജീവൻ ബാബു അറിയിച്ചു. ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകളില്‍ നടുവിലുള്ള ഷട്ടറായിരിക്കും ട്രയല്‍ റണിനായി ഉയര്‍ത്തുക. അൻപത് സെമീ ഉയരത്തില്‍ 12 മണി മുതല്‍  നാല് മണി വരെ ഷട്ടര്‍ തുറന്നിടും. 2398 അടിയിലെത്തിയാല്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു കഴിഞ്ഞ മാസമെടുത്ത തീരുമാനമെങ്കിലും ഇടമലയാര്‍ ഡാം തുറന്ന സാഹചര്യത്തിലാണ് ഇത് വൈകിപ്പിക്കുന്നത്. 

രാവിലെ പത്ത് മണിയ്ക്ക് 2398.8 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ് 2403- റിസര്‍വോയറിന്‍റെ പരമാവധി സംഭരണശേഷി. 
ജലനിരപ്പ് ക്രമാതീതമായി ഉയരുകയും സംഭരണശേഷി കടക്കുകയും ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും ട്രയല്‍ റണ്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ആദ്യഘട്ടത്തിന് ശേഷവും ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്. രണ്ട് ദിവസം കൊണ്ട് ഇടുക്കി പദ്ധതി പ്രദേശത്ത് 136 മില്ലി മീറ്റര്‍ മഴ ലഭിക്കുകയും നീരൊഴുക്ക് ശക്തമാക്കുകയും ചെയ്തതോടെയാണ് അടിയന്തരമായി ട്രയല്‍ റണ്‍ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. 

ഡാം തുറക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ കെ.എസ്.ഇ.ബിയും ജില്ലാഭരണകൂടവും നടത്തിയിരുന്നു. ഇപ്രകാരം പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചെറുതോണിഡാമില്‍ നിന്നും ചെറുതോണിയാറിലേക്കുള്ള കനാലുകളുടെ ആഴം ഇതിനോടകം കൂട്ടിയിട്ടുണ്ട്.ഇപ്പോള്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരുന്നൂറോളം കുടുംബങ്ങളെ പെരിയാര്‍ തീരത്ത് നിന്നും മാറ്റും. ദുരന്തനിവാരണസേന നേരത്തെ തന്നെ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഇപ്പോള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.  അടിയന്തരസാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനായി ഇടുക്കി ജില്ലയിലെ 12 സ്കൂളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ