
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതി പ്രകാരം തുടങ്ങിയ എണ്‍പതിനായിരത്തോളം വീടുകളുടെ നിര്‍മാണം പ്രതിസന്ധിയില്‍. 4000കോടിയുടെ ഹഡ്കോ വായ്പ ഇതുവരെ കിട്ടാത്തതാണ് കാരണം. മുന്‍ വായ്പകളുടെ കുടിശികയായ 63 കോടി രൂപ അടച്ചാല്‍ മാത്രമെ പുതിയ വായ്പാ അനുവദിക്കാനാകൂ എന്നാണ് ഹഡ്കോ നിലപാട്.
ലൈഫ് മിഷന്‍റെ ഭാഗമായി സ്വന്തമായി ഭൂമിയുളള ഭവന രഹിതര്‍ക്ക് ധനസഹായം നല്‍കാനാണ് കേരളം ഹഡ്കോയില്‍ നിന്ന് 4000കോടി രൂപ വായ്പയെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് വായ്പ അനുവദിക്കാന്‍ ഹഡ്കോ തീരുമാനിച്ചു. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിനും പരിയാരം മെഡിക്കല്‍ കോളജിനുമായെടുത്ത വായ്പയില്‍ 63 കോടി രൂപ കുടിശികയുണ്ടെന്നും ഈ തുക തിരിച്ചടച്ചാല്‍ മാത്രമെ പുതിയ വായ്പ അനുവദിക്കാനാകൂ എന്നും ഹഡ്കോ അറിയിച്ചു. തീര്‍ന്നില്ല, വായ്പ തിരിച്ചടവ് സംബന്ധിച്ച് സംസ്ഥാന ബജറ്റില്‍ ഉറപ്പ് നല്‍കണമെന്നും ഹഡ്കോ ആവശ്യപ്പെട്ടു.
തര്‍ക്കങ്ങളും ചര്‍ച്ചകളുമായി ആറു മാസം കടന്നു പോയി. പണം കൊടുക്കാനാവാത്തതിനാല്‍ ഭവന നിര്‍മ്മാണം പാതി വഴിയിലുമായി. ഈ സാഹചര്യത്തില്‍ കുടിശിക തുകയായ 63 കോടി രൂപ ഉടന്‍ അടയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.അതേസമയം മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നിബന്ധനകളാണ് ഹഡ്കോ അടിച്ചേല്‍പ്പിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹഡ്കോ വായ്പയ്ക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമായ ഒരു ലക്ഷം എന്നിവ ചേര്‍ത്ത് നാലു ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുക. സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം വിവിധ വകുപ്പുകളുടെ ഭവന നിര്‍മാണ ഫണ്ടില്‍ നിന്ന് കണ്ടെത്താനായിരുന്നു തീരുമാനം. എന്നാല്‍ പ്രളയശേഷം വകുപ്പുകളുടെ പദ്ധതി വിഹിതം 20 ശതമാനം വിട്ടിക്കുറച്ചതോടെ സര്‍ക്കാര്‍ വിഹിതവും പലയിടത്തും മുടങ്ങി. കുടിശ്ശിക എത്രയും വേഗം അടച്ചു തീര്‍ക്കുമെന്നും പ്രതിസന്ധികള്‍ ഇല്ലാതെ പദ്ധതി മുന്നോട്ട് പോകാന്‍ നടപടികള്‍ തുടങ്ങിയെന്നും തോമസ് ഐസക് പ്രതികരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam