
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.ക്ക് കൂനിന്മേല്‍ കുരുവായി സര്‍ക്കാര്‍ ഉത്തരവ്. പാപ്പനംകോട് ഡിപ്പോയിലെ 7.57 ഏക്കര്‍ സ്ഥലം എത്രയും പെട്ടെന്ന് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിന് കൈമാറണമെന്നാണ് നിര്‍ദ്ദേശം. യൂണിയനുകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ മാനേജ്മെന്‍റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്.
പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ് കോളേജും കെ.എസ്.ആര്‍.ടി.സി.യും തമ്മില്‍ 1998 നവംബറില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് 12.5 ഏക്കര്‍ സ്ഥലം കെ.എസ്.ആര്‍.ടി.സി വിട്ടുകൊടുക്കണമായിരുന്നു. എന്നാല്‍ നിലവില്‍ 4.93 ഏക്കര്‍ സ്ഥലം മാത്രമേ കോളേജിന്റെ കൈവശമുള്ളു. ബാക്കി 7.57 ഏക്കര്‍ സ്ഥലം കോളേജിന് വിട്ടുകൊടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പടുന്നത്. പ്രന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ജൂലൈ 2ന് കത്ത് നല്‍കിയത്. ഒരാഴ്ചക്കകം സ്ഥലം കോളേജിന് കൈമാറണമെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
ഉത്തരവ് പിന്‍വിലക്കണമെന്നാവശ്യപ്പെട്ട് ഭരണക്ഷി യൂണിയനുകള്‍ രംഗത്തെത്തി. ഏഷ്യയിലെ ഏറ്റവും വലിയ ബസ് ബോഡി നിര്‍മ്മാണ യൂണിറ്റാണ് പാപ്പനംകോട്ടുള്ളത്. സ്ഥലം വിട്ടുകൊടുത്താല്‍ ഇത് അടച്ചുപൂട്ടേണ്ടി വരും. 600 തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെടുമെന്നും യൂണിയനുകള്‍ ആശങ്ക അറിയിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമു്ട്ട് അറിയിച്ച് കെ.എസ്.ആര്‍.ടി.സി, സര്‍ക്കാരിന് കത്ത് നല്‍കിയേക്കും. രണ്ട് വര്‍ഷം മുന്‍പും സ്ഥലം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടിസിക്ക് കത്ത് നല്‍കിയിരുന്നു. യൂണിയനുകളുടെ പ്രതിഷേധത്തെതുടര്‍ന്ന് ആ നീക്കത്തില്‍ നിന്ന് മാനേജ്മെന്റ് പിന്മാറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam