കള്ളപ്പണത്തിന്‍റെ കണക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Nov 26, 2018, 12:30 PM IST
Highlights

നേരത്തെ കള്ളപ്പണകണക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ ദേശീയ വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് പറഞ്ഞിരുന്നു.

ദില്ലി: വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്‍റെ കണക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് വീണ്ടും പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരം ഉള്ള ചോദ്യത്തിനാണ് പിഎംഒയുടെ മറുപടി.  ദേശീയ വിവരാവകാശ കമ്മീഷന്‍റെ നിര്‍ദേശത്തോടെ വീണ്ടും സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി എന്നത് ശ്രദ്ധേയമാണ്.

നേരത്തെ കള്ളപ്പണകണക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ ദേശീയ വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഇപ്പോള്‍ കള്ളപ്പണം സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളെ അത് ബാധിക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.

കള്ളപ്പണം പിടിക്കാനുള്ള പ്രത്യേക അന്വേഷണ സംഘം അവരുടെ പ്രവര്‍ത്തനം നടത്തിവരുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്.  ഈ സമയത്ത് കണക്കുകള്‍ വെളിപ്പെടുത്തിയാല്‍ അത് അന്വേഷണത്തെ ബാധിക്കും. ഇത് കുറ്റവാളികള്‍ക്ക് ശിക്ഷ നടപടികളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം ഒരുക്കും. അതിനാല്‍ ആര്‍ടിഐ നിയമത്തിന്‍റെ 8(1) എച്ച് സെക്ഷന്‍ പ്രകാരം പിടിച്ചെടുത്ത പണത്തിന്‍റെ കണക്ക് പറയാന്‍ കഴിയില്ലെന്ന് പിഎംഒ സഞ്ജീവ് ചതുര്‍വേദി എന്ന ആര്‍ടിഐ ആക്ടിവിസ്റ്റിന് മറുപടി നല്‍കി.

വിവിധ സര്‍ക്കാര്‍ ഇന്‍റലിജന്‍സ് ഏജന്‍സികളും, സുരക്ഷ വൃത്തങ്ങളും നടത്തുന്ന അന്വേഷണം എന്ന നിലയില്‍ ആര്‍ടിഐ നിയമപ്രകാരം വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്നാണ് പിഎംഒ വാദം. അതേ സമയം ജൂണ്‍ 1 2014 മുതല്‍ ചതുര്‍വേദി വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്‍റെ കണക്ക് ആവശ്യപ്പെട്ട് ആര്‍ടിഐ അപേക്ഷ നല്‍കുന്നുണ്ട്. 

click me!