ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ല

By Web DeskFirst Published Mar 8, 2018, 11:35 AM IST
Highlights

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി.പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1800 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക നേരത്തെ വിവാദമായിരുന്നു.

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഗര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ഈ പ്രതികളുടെ പേരില്ല. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി.പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1800 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക നേരത്തെ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് പട്ടിക ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്തു.

കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് ശിക്ഷാ ഇളവ് നല്‍കേണ്ടവരുടെ പട്ടിക സംസ്ഥാന ജയില്‍ വകുപ്പ് തയ്യാറാക്കിയത്. പ്രമാദമായ ഒട്ടേറേ കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പട്ടികയായിരുന്നു ഇത്. വിവാദമായതോടെ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതിയെ വിഷയം പരിശോധിക്കാന്‍ നിയോഗിച്ചു. തുടര്‍ന്നാണ് സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന പ്രതികള്‍, പോക്‌സോ കേസുകളിലെ പ്രതികള്‍, വാടക കൊലയാളികള്‍ എന്നിവരെ ഒഴിവാക്കിയത്. 

ആറ് മാസം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ശിക്ഷയിളവ് നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ 300 പേര്‍ ഇതിനോടകം ശിക്ഷാ കാലയളവ് കഴിഞ്ഞ് ഇതിനോടകം പുറത്തിറങ്ങി. 740 പേരുടെ പട്ടിക ഗവര്‍ണ്ണര്‍ക്ക് അയച്ചിരിക്കുകയാണ്.

click me!