ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം

By Web DeskFirst Published Apr 26, 2018, 2:00 PM IST
Highlights

സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം നിലപാടെടുക്കുന്നു.

ദില്ലി: സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയായി കൊളീജിയം നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പരാതി. ഇതൊടൊപ്പം സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം നിലപാടെടുക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫയല്‍ സുപ്രീം കോടതിയിലേക്ക് മടക്കി അയച്ചു.

ജഡ്ജിമാരായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയുമാണ് കൊളീജിയം നിര്‍ദ്ദേശിച്ചത്. ഇതില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം ജ‍ഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. ഇതിനെതിരെ കൊളീജിയത്തിലെ ജഡ്ജിമാരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് മുതിര്‍ന്ന ജഡ്ജിമാരും ഇന്ദു മല്‍ഹോത്ര സ്ഥാനം ഏറ്റെടുക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകരും ആവശ്യപ്പെട്ടു. ഇതിനിടെയാണ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തെ സമീപിക്കുന്നത്. ഇക്കാര്യത്തില്‍ കൊളീജിയത്തിന്റെ നിലപാട് തേടി നിയമ മന്ത്രാലയം കത്ത് തയ്യാറാക്കിയതായാണ് വിവരം. കെ.എം ജോസഫിന്റെ പേര് തന്നെ വീണ്ടും കൊളീജിയം നിര്‍ദ്ദേശിക്കുകയാണങ്കില്‍ നിലവില്‍ സുപ്രീം കോടതിയിലുള്ള മലയാളി ജ‍ഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിക്കുകന്നത് വരെ കാത്തിരിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

click me!