പ്രളയ മുറിവുണങ്ങും മുമ്പ് എംഎല്‍എമാര്‍ക്ക് 80 കോടി ചെലവില്‍ ഫ്ലാറ്റ് നിര്‍മിക്കാനൊരുങ്ങി സര്‍ക്കാര്‍

By Web TeamFirst Published Oct 24, 2018, 4:21 PM IST
Highlights

പ്രളയ ദുരിതത്തിൽ നിന്ന് കരകയറാൻ കേരളം പെടാപ്പാടുപെടുമ്പോൾ  എംഎൽഎമാർക്കുവേണ്ടി പുതിയ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ നീക്കം.  

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽ നിന്ന് കരകയറാൻ കേരളം പെടാപ്പാടുപെടുമ്പോൾ  എംഎൽഎമാർക്കുവേണ്ടി പുതിയ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ നീക്കം. 80 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ച് പുതിയ കെട്ടിടം പണിയാനാണ് ശ്രമം.  

പമ്പയിലെ മുറികളിൽ സൗകര്യങ്ങളില്ലെന്നതാണ് പറയുന്ന കാരണം. കുറച്ചുകൂടി വലിയ  മുറികൾ വേണം. അടുക്കള വേണം. അതിഥികൾക്ക് തങ്ങാനുള്ള സ്ഥലം വേണം. ഇതൊക്കെ പരിഗണിച്ചാണ് 11 നിലയുള്ള പുതിയ കെട്ടിടം. എംഎൽമാർക്ക് താമസിക്കാൻ  നല്ല മുറികൾ വേണമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും പ്രളയത്തിൽ വീട് തന്നെ നഷ്ടപ്പെട്ട പതിനായിരത്തിലധികം പേരുള്ളപ്പോൾതന്നെ ഈ കെട്ടിടം പണിയണമോ എന്നതാണ് വിമര്‍ശനം. 

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ പദ്ധതി ചില സാങ്കേതിക തടസത്തിൽ പെട്ടുകിടക്കുകയായിരുന്നു. ഈ അടുത്തകാലത്താണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്. എയർപോർട്ട് അതോറിറ്റി ഉന്നയിച്ചിരുന്ന തടസങ്ങള്‍ മാറിയതോയാണ് ഫ്ലാറ്റ് നിർമ്മാണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. 24 എംഎൽഎമാർക്കും 16 മുൻ എംഎൽഎമാർക്കുമാണ് പമ്പയിൽ മുറികളുള്ളത്. 

പുതിയ ഫ്ലാറ്റ് നിർമ്മിക്കുന്നതുവരെ എംഎൽഎമാർക്ക് താമസത്തിനായി  മറ്റൊരു സ്ഥലം കണ്ടെത്തേണ്ട സാഹചര്യവുമുണ്ട്. അതേസമയം എംഎൽഎ ഹോസ്റ്റലിന് സമീപമുള്ള ഒരു സ്ഥലത്ത് ഫ്ലാറ്റ് നിർമ്മിക്കാനും ആലോചനയുണ്ട്. എന്നാൽ പമ്പ പൊളിച്ചുള്ള നിർമ്മാണമോ, പുതി സ്ഥലത്ത് നിർമ്മിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമെടുത്തിട്ടില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

click me!