വനിതാ മതിലിനായി ജീവനക്കാർക്ക് അവധി നൽകണമോ? സർക്കാർ ചർച്ച ചെയ്യും

By Web TeamFirst Published Dec 15, 2018, 7:50 AM IST
Highlights

വനിതാ മതിലിൽ പങ്കെടുക്കാനിറങ്ങുന്ന ജീവനക്കാർക്ക് അവധി അനുവദിക്കണോ അതോ ജോലി സമയമായി കണക്കാക്കണോ എന്ന കാര്യത്തിൽ സർക്കാരിന് വ്യക്തതയില്ല. തീരുമാനമെന്തായാലും വലിയ വിമർശനത്തിന് ഇടയാക്കുമെന്നാണ് സർക്കാരിന്‍റെ ആശങ്ക

കോഴിക്കോട്: വനിതാ മതിലിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് അവധി നൽകണോ  എന്ന് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വനിതാ മതിലിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ കോഴിക്കോട് ചേർന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകൾ കേന്ദ്രീകരിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇങ്ങനെയെങ്കിൽ ഉച്ചയോടെ ജീവനകാർ കൂട്ടത്തോടെ ഓഫീസിൽ നിന്നിറങ്ങേണ്ടി വരും.

വനിതാ മതിലിൽ പങ്കെടുക്കാനിറങ്ങുന്ന ജീവനക്കാർക്ക് അവധി അനുവദിക്കണോ അതോ ജോലി സമയമായി കണക്കാക്കണോ എന്ന കാര്യത്തിൽ സർക്കാരിന് വ്യക്തതയില്ല. തീരുമാനമെന്തായാലും വലിയ വിമർശനത്തിന് ഇടയാക്കുമെന്നാണ് സർക്കാരിന്‍റെ ആശങ്ക. ജീവനക്കാരും ജനപ്രതിനിധികളും ചേർന്നുള്ള രണ്ടാംഘട്ട അവലോകനയോഗമാണ് കോഴിക്കോട് നടന്നത്.

പരിപാടിയുടെ പ്രചാരണത്തിനായി ഫ്ലാഷ്മോബ്, തെരുവ്നാടകം, മാരത്തോൺ തുടങ്ങിയവ നടത്താൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ യുഡിഎഫ് ജനപ്രതിനിധികൾ ഇത്തവണ യോഗത്തിനെത്തിയില്ല. യുഡിഎഫിന്റെ എതിർപ്പ് സംഘാടനത്തെ ബാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

'വനിതാമതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫി ന്റെ തീരുമാനം. ഇതിനായി പോഷക സംഘടനകളെ പ്രചാരണ രംഗത്തിറക്കും. ശബരിമല വിഷയത്തില്‍ തുടർസമരപരിപാടികൾ തീരുമാനിക്കാൻ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.

അതേസമയം, വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. 

click me!