ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്; 'ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിടില്ല'

By Web TeamFirst Published Dec 18, 2018, 9:33 AM IST
Highlights

ശബരിമല വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക സാഹയമുണ്ടാകും.

തിരുവനന്തപുരം: ശബരിമല വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക സാഹയമുണ്ടാകും. ദേവസ്വം ബോര്‍ഡിനെ കൈവിടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ഡലകാലത്തെ ആദ്യ 30 ദിവസം ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തില്‍ 51കോടി രൂപയുടെ കുറവാണുണ്ടായത്.

യുവതീ പ്രവേശം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശബരിമലയിലെ നടവരവ് കുറഞ്ഞത് വലിയ ചര്‍ച്ചയായി. വരുമാനക്കുറവിന്‍റെ കാരണത്തെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വലിയ വാക്പോരും തുടരുകയാണ്. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളുമാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്പോഴാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കാനൊരുങ്ങുന്നത്.

മണ്ഡല കാലം കഴിഞ്ഞ് വരുമാനത്തിലുണ്ടാകുന്ന കുറവ് വിലയിരുത്തിയ ശേഷമാകും ഏതെല്ലാം മേഖലയില്‍ സര്‍ക്കാര്‍ സഹായം തേടണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുക. ഇത് സംബന്ധിച്ച് സര്‍ക്കാര‍് സഹായം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  എ പത്മകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്‍റെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്ന സംഘപരിവാര്‍ പ്രചാരണത്തിന്‍റെ മുനയൊടിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബജറ്റില്‍ തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേകം തുക വകയിരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

click me!