ഹര്‍ത്താലിനെതിരെ ഒറ്റക്കെട്ടായി കേരളത്തിലെ വ്യാപാരികള്‍

Published : Dec 18, 2018, 08:39 AM IST
ഹര്‍ത്താലിനെതിരെ ഒറ്റക്കെട്ടായി കേരളത്തിലെ വ്യാപാരികള്‍

Synopsis

കൊച്ചിയിലെ വ്യാപാരി സമൂഹവും ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഏത് സംഘടന ഹർത്താൽ പ്രഖ്യാപിച്ചാലും ഇനി മുതൽ കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും സംഘടന അറിയിച്ചു. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി പ്രഖ്യാപിച്ചിരുന്ന തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്ക് പുറകേ, ഹര്‍ത്താലിനെതിരെ കേരളത്തിലെ വ്യാപാരി സമൂഹം ഒന്നിക്കുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്ക് പിന്നാലെ തിരുവനന്തപുരം ചാലാ കമ്പോളത്തിലെ വ്യാപാരികളും ഹര്‍ത്താല്‍ ബഹിഷ്ക്കരണവുമായി രംഗത്തെത്തിരുയിരുന്നു. ഇതിന് പുറകേയാണ് ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചത്. ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മതിയായ പൊലീസ് സംരക്ഷണം വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. 

കൊച്ചിയിലെ വ്യാപാരി സമൂഹവും ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഏത് സംഘടന ഹർത്താൽ പ്രഖ്യാപിച്ചാലും ഇനി മുതൽ കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും സംഘടന അറിയിച്ചു. 

സംസ്ഥാനത്ത് മുന്നിയിപ്പില്ലാതെ അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വ്യാപാരമേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ശബരിമല വിഷയത്തിൽ തുടർച്ചയായുണ്ടായ ഹർത്താലുകൾ ഹോട്ടൽ മേഖലയിലുള്ളവരെ ഉൾപ്പെടെയുള്ളവരെ പ്രതികൂലമായി ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇത് വ്യാപാരമേഖലയിലുണ്ടാക്കിയത്. അതിനാൽ നിലനിൽപ്പിനായി പ്രതിരോധം എന്ന ആശയവുമായി കേരള മർച്ചന്റ്സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് രംഗത്തിറങ്ങുന്നത്. ഏത് രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിച്ചാലും ബഹിഷ്കരിക്കാനും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനും കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു. തീരുമാനം സർക്കാരിനേയും മറ്റ് ബന്ധപ്പെട്ടവരെയും അറിയിക്കുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. 

ഹർത്താലിനെതിരെ വ്യാപാര രംഗത്തുള്ള വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതിനുവേണ്ടി സംസ്ഥാന സമിതികൾക്കും രൂപം നൽകും. വിപുലമായ യോഗം അടുത്ത ദിവസം കൊച്ചിയിൽ ചേരും. ഹർത്താലിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യവും സംഘടന ആലോചിച്ച് വരികയാണ്. അടുത്തമാസം പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് വേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. 

ഇക്കാര്യം ആവശ്യപ്പെട്ട് വ്യാപാരികളുടെ കൂട്ടായ്മ സര്‍ക്കാറിനെ സമീപിക്കും. ജിഎസ്ടിയും നോട്ട് നിരോധനവും കാരണം നിലവില്‍ കച്ചവടം പകുതിയായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന് പിന്നാലെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതുകൊണ്ടൊക്കെയാണ് ഹര്‍ത്താലിനെ കമ്പോളത്തിന് പുറത്താക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

2009 ല്‍ ബന്ദ് നിരോധിച്ച് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. അതുവരെ ബന്ദ് പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് ഹര്‍ത്താല്‍ എന്ന വാക്കുപയോഗിക്കുകയായിരുന്നു.  പൊതുമുതല്‍ നശിപ്പിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും അന്ന് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണം, ആവശ്യവുമായി കര്‍ഷക കൂട്ടായ്മകള്‍
'50 വർഷം കഴിഞ്ഞ് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന വികസനമാണ് കിഫ്ബി വഴി ഇപ്പോൾ സാധ്യമാകുന്നത്': കാർഷിക രംഗത്തെ മുന്നേറ്റങ്ങളെ കുറിച്ച് മന്ത്രി പി പ്രസാദ്