തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് 'സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി' യുമായി സര്‍ക്കാര്‍

Published : Jan 16, 2019, 11:53 PM IST
തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് 'സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി' യുമായി സര്‍ക്കാര്‍

Synopsis

തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. 'സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി' എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ ടേം ലോണായും അര ലക്ഷം രൂപ ഗ്രാന്‍റ്/സബ്സിഡി ആയും അനുവദിക്കും. 

തിരുവനന്തപുരം:  2014-15 ലെ അബ്കാരി നയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. 'സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി' എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ ടേം ലോണായും അര ലക്ഷം രൂപ ഗ്രാന്‍റ്/സബ്സിഡി ആയും അനുവദിക്കും. 

ഈ വായ്പയ്ക്ക് നാലു ശതമാനമാണ് പലിശ. അഞ്ച് വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും. കേരള സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

സംരംഭകര്‍ക്ക് ആവശ്യമാണെങ്കില്‍ വ്യവസായ പരിശീലന വകുപ്പ് വഴി പരിശീലനം ലഭ്യമാക്കും. അപേക്ഷകര്‍ക്ക് താല്‍പര്യമുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് വായ്പ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. 
 പദ്ധതി നടത്തിപ്പിനാവശ്യമായ തുക ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു ശതമാനം സെസ്സിലൂടെ  സമാഹരിച്ചിട്ടുള്ള തുകയില്‍ നിന്ന്  അബ്കാരി ക്ഷേമനിധി ബോര്‍ഡിന് ലഭ്യമാക്കും. 
 

2014ലെ മദ്യനയം കാരണം തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ഹോട്ടല്‍ തൊഴിലാളികളെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. അപേക്ഷകര്‍ അബ്കാരി ക്ഷേമനിധി അംഗങ്ങളോ, എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആയിരിക്കണം. 2015 ന് ശേഷം എഫ്എല്‍ 3, എഫ്എല്‍ 11 ലൈസന്‍സ് ലഭിച്ച ബാര്‍ഹോട്ടലുകളില്‍ വീണ്ടും ജോലി ലഭിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 
 

ആദ്യഗഡു ലഭിച്ച് ആറുമാസത്തിനു ശേഷം തുല്യമാസഗഡുക്കളായി വായ്പാതുക തിരിച്ചടക്കാം. ക്ഷേമനിധിബോര്‍ഡിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളില്‍ ഒരു മാസത്തിനുള്ളില്‍ ബോര്‍ഡ് തീരുമാനമെടുക്കും. ഒന്നര ലക്ഷം രൂപ വീതം രണ്ടു തുല്യഗഡുക്കളായാണ് പണം അനുവദിക്കുക. 

ദേശസാല്‍കൃത ബാങ്കുകളിലെയും സഹകരണബാങ്കുകളിലെയും ക്ഷേമനിധി ബോര്‍ഡിന്റെ  അക്കൗണ്ടുകളിലൂടെ പണം തിരിച്ചടക്കാവുന്നതാണ്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായതിനാല്‍ വായ്പാ കാലാവധി ദീര്‍ഘിപ്പിക്കില്ല. 2014-15 വര്‍ഷത്തെ മദ്യനയത്തെതുടര്‍ന്ന് ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കുവേണ്ടി 'പുനര്‍ജ്ജനി 2030' എന്ന പേരില്‍ പുനരധിവാസപദ്ധതി നടപ്പാക്കുമെന്ന് അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. 

അന്നത്തെ മദ്യനയത്തെതുടര്‍ന്ന് തൊഴില്‍നഷ്ടപ്പെട്ട് വഴിയാധാരമായവരുടെ  ജീവിതോപാധി കൂടി കണക്കിലെടുത്ത് ഇപ്പോഴത്തെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. ഇതിനുശേഷവും ജീവിതമാര്‍ഗമില്ലാതെ കഴിയുന്നവരെ സംരക്ഷിക്കുകയന്ന ലക്ഷ്യത്തോടെയാണ് 'സുരക്ഷ സ്വയംതൊഴില്‍പദ്ധതി'ക്ക്  സര്‍ക്കാര്‍ രൂപം നല്‍കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത