
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളേജിലെ സംവരണ സീറ്റുകൾ മതസംഘടനകളുടെ പേരിൽ സംവരണം ചെയ്യാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മുസ്‍ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ ഉത്തരവ് ആരോഗ്യ വകുപ്പ് ഉടൻ പുറത്തിറക്കും
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സംവരണ സീറ്റുകളിൽ മതസംഘടനകൾ നൽകുന്ന കത്ത് ആധികാരിക രേഖയായി പരിഗണിച്ച് സംവരണം നൽകാനായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം. മുസ്‍ലീം മത സംഘടനകൾക്ക് സമുദായത്തിനകത്തെ ഉപജാതി പരിഗണന നൽകി സംവരണമൊരുക്കുന്നതിനെതിരെ വൻ പ്രതിഷേധമുയര്‍ന്നിരുന്നു. ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മുസ്ലീം ലീഗ് പ്രതികരിച്ചത്.
നടപടി വിവാദമായതോടെയാണ് ഉത്തരവ് പിൻവലിക്കാൻ നടപടി വരുന്നത്. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മത ന്യൂനപക്ഷങ്ങളിലെ ഉപവിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് നിഷ്‌കർഷിക്കുന്ന ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. മതമോ മതങ്ങളിലെ ഉപവിഭാഗമോ തെളിയിക്കുന്നതിന് റവന്യൂ അധികാരിയുടെ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. മുസ്ലിം സമുദായത്തിന് 'മുസ്ലിം' എന്ന ഒറ്റ വിഭാഗമേ ഉണ്ടാകു. 2017 ജൂലൈ 29 ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് പിൻവലിക്കുന്നത്. അപാകതകൾ ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam