
ദില്ലി: വിഴിഞ്ഞം പദ്ധതി നടത്തിപ്പുകാരായ അദാനി തുറമുഖ കമ്പനിക്ക്, പരിസ്ഥിതിക്ക് ഏല്‍പ്പിച്ച വന്‍ നാശനഷ്ടം പരിഗണിച്ച്, യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ചുമത്തിയ 200 കോടി രൂപയുടെ പിഴ മോദി സര്‍ക്കാര്‍ പിന്‍വലിച്ചു. അദാനി പോര്‍ട്ട്‌സ് ആന്റ് സെസ് കമ്പനിക്ക് ചുമത്തിയ വന്‍ പിഴശിക്ഷയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒഴിവാക്കി നല്‍കിയത്. ഇതോടൊപ്പം അദാനിയുടെ ഉടമസ്ഥതയില്‍ ഗുജറാത്തിലെ മുന്ദ്രയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഫ്രണ്ട് ഡവലപ്‌മെന്റ് പദ്ധതിയുടെ പാരിസ്ഥിതിക അനുമതി നീട്ടിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അദാനി ഗ്രൂപ്പിനോട് നിര്‍ബന്ധമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ പുതിയ മന്ത്രിസഭ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. 2015 സെപ്തംബറിലാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തത്. പാരിസ്ഥിതിക അനുമതി നീട്ടി നല്‍കിയത് 2015 ഒക്‌ടോബറിലാണ്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പിനു വേണ്ടി പുതിയ സര്‍ക്കാര്‍ നല്‍കിയ വലിയ ഇളവുകള്‍ പുറത്തുകൊണ്ടുവന്നത്. അദാനിയുടെ പിഴ ഒഴിവാക്കിയ നടപടിയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമോ അദാനി ഗ്രൂപ്പോ പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് തുറമുഖങ്ങള്‍ ചേര്‍ന്നതാണ് അദാനി വാട്ടര്‍ ഫ്രണ്ട് ഡവലപ്‌മെന്റ് പദ്ധതി. ഡ്രൈ ആന്റ് ലിക്വിഡ് കാര്‍ഗോ, കണ്ടെയിനര്‍ ടെര്‍മിനലുകള്‍, യാര്‍ഡുകള്‍, റെയില്‍പാത, 700 ഹെക്ടര്‍ സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. വന്‍ തുറമുഖം, പ്രത്യേക സാമ്പത്തിക മേഖല, ടൗണ്‍ഷിപ്പ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി.
മുന്ദ്ര അദാനി പദ്ധതിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്ന ഒരു കേസില്‍ ഇടപെട്ട് 2012ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. അദാനി ഗ്രൂപ്പ് നടത്തുന്ന പാരിസ്ഥിതിക ചൂഷണങ്ങള്‍ പഠിക്കുന്നതിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായിന്‍ അദ്ധ്യക്ഷയായ സമിതിയെയാണ നിയമിച്ചത്. ഇവിടെ വന്‍തോതില്‍ പരിസ്ഥിതി നിയമലംഘനം നടന്നതായി കമ്മിറ്റി കണ്ടെത്തി. തദ്ദേശീയ പരിസ്ഥിതിക്ക് വന്‍ നാശനഷ്ടം ഉണ്ടായതായും വന്‍തോതില്‍ അനധികൃത കൈയേറ്റം നടത്തിയതായും വ്യക്തമാക്കി സുനിതാ നാരായിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. പദ്ധതി നിരോധിക്കണമെന്നും ഇത്ര വലിയ പാരിസ്ഥിതിക നാശം നടത്തിയ കമ്പനിക്ക് 200 കോടി രൂപയോ പദ്ധതി ചെലവിന്റെ ഒരു ശതമാനമോ (അത് ഇതിലും കൂടും) പിഴ ഈടാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും ചെയ്തു.
2013ല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. നിയമ ലംഘനങ്ങള്‍ നടത്തിയെന്നു തെളിഞ്ഞ സാഹചര്യത്തില്‍ എന്തു കൊണ്ട് അദാനി പോര്‍ട്ട്‌സ് ആന്റ് സെസ് കമ്പനിക്ക് എതിരെ നടപടി എടുത്തില്ല എന്നാരാഞ്ഞ് മന്ത്രാലയം അദാനി ഗ്രൂപ്പിനും ഗുജറാത്ത് സര്‍ക്കാറിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇതിനു മറുപടിയായി തങ്ങള്‍ ഒരു നിയമലംഘനവും നടത്തിയില്ലെന്ന് അദാനി മറുപടി നല്‍കി. ഈ മറുപടികള്‍ പരിശോധിച്ചശേഷം കമ്പനിക്ക് എതിരായ പിഴ ശിക്ഷ അടക്കമുള്ള നടപടികള്‍ക്ക് നിയമസാധുത ഉണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തു. എന്നാല്‍, അതിനിടെ പരിസ്ഥിതി മന്ത്രി ജയന്തിനടരാജനെ മാറ്റി. പകരം വീരപ്പ മൊയ്‌ലി വന്നു. ഇതോടെ അദാനിക്കെതിരായ നടപടികള്‍ ഇഴഞ്ഞു. പിന്നീട്, മോദി സര്‍ക്കാര്‍ വരികയും പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി മന്ത്രിയാവുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോള്‍ കമ്പനിക്കെതിരായ സര്‍വ നടപടികളും ഒഴിവാക്കിയത്.
അദാനി ഗ്രൂപ്പിനെതിരായ അഭിപ്രായങ്ങള്‍ പുതിയ മന്ത്രിസഭയുടെ കാലത്ത് പുതുതായി നിയമിതരായ ചില ഉദ്യോഗസ്ഥര്‍ മാറ്റിയെഴുതിയതായി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ കാഞ്ച കോലിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച 2012-16 കാലത്തെ പരിസ്ഥിതി മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു.
ഈ നയം മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പരിസ്ഥിതി മന്ത്രി ജാവദേക്കര്‍ സുനിതാ നാരായന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ചോദ്യ ചെയ്യുകയും അദാനി ഗ്രൂപിന്റെ മറുപടി ശരിവെക്കുകയും ചെയ്തതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനിയുടെ നിയമലംഘനങ്ങള്‍ സാറ്റലൈറ്റ് രേഖകളില്‍ വ്യക്തമാണെന്ന് നേരത്തെ പറഞ്ഞ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇതിന് തെളിവില്ലെന്ന് പുതിയ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 200 കോടി രൂപയുടെ പിഴ അടക്കമുള്ള നടപടികള്‍ ഒഴിവാക്കി ജാദവേക്കര്‍ ഉത്തരവിട്ടത്.
വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് എതിരെ മുമ്പും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കോടതി നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഓസ്ട്രലിയന്‍ കോടതി അദാനി ഗ്രൂപ്പിന്റെ വന്‍കിട പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്. ഒരു ലക്ഷം കോടി രൂപ ചെലവിട്ട് ഓസ്‌ട്രേലിയയില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി പദ്ധതിയുടെ പാരിസ്ഥിതികാനുമതിയാണ് അന്ന് കോടതി റദ്ദാക്കിയിരുന്നത്. അതിനുശേഷം, കോടതി വിധിയെ മറികടന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കമ്പനിക്ക് വീണ്ടും പാരിസ്ഥിതികാനുമതി നല്‍കിയെങ്കിലും ഇതിനെതിരെ അവിടെ വ്യാപക പ്രതിഷേധം നിലനില്‍ക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam