മൊബൈൽ-ബാങ്കിം​ഗ് സേവനത്തിന് ആധാർ: പുതിയ നിയമം വരുമെന്ന സൂചന നല്‍കി ജയ്റ്റ്ലി

By Web TeamFirst Published Oct 7, 2018, 9:40 PM IST
Highlights

ആധാര്‍ കേവലം ഒരു പൗരത്വ കാര്‍ഡല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ വിവിധ തരത്തിലുള്ള സഹായങ്ങളും സബ്സിഡികളും ഉപഭോക്താവിന് എത്തിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായാണ് പ്രധാനമായും ആധാര്‍ കാര്‍ഡിനെ കാണുന്നത്. സ്വകാര്യകമ്പനികൾ ഒരു തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ പാടില്ല എന്നാണ് സുപ്രിംകോടതി വിധി പറയുന്നത്. 

ദില്ലി:മൊബൈല്‍ ഫോണ്‍ , ബാങ്ക് അക്കൗണ്ട് എന്നിവ ആധാര്‍ കാര്‍ഡുമായി  ബന്ധിപ്പിക്കുന്നതിന് നിയമനിര്‍മാണത്തിനുള്ള സാധ്യത സൂചിപ്പിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി. ഉപഭോക്താവുമായുള്ള കരാറിലൂടെ ബന്ധിപ്പിക്കുന്നതിന് മാത്രമേ നിലവില്‍ തടസ്സമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ ഒരു ദേശീയ ദിനപത്രം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് നിയമനിര്‍മാണത്തിനുള്ള സാധ്യതകളെ കുറിച്ച് അരു‍ണ്‍ ജയ്റ്റ്ലി വിവരിച്ചത്. 

ആധാര്‍ കേവലം ഒരു പൗരത്വ കാര്‍ഡല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ വിവിധ തരത്തിലുള്ള സഹായങ്ങളും സബ്സിഡികളും ഉപഭോക്താവിന് എത്തിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായാണ് പ്രധാനമായും ആധാര്‍ കാര്‍ഡിനെ കാണുന്നത്. സ്വകാര്യകമ്പനികൾ ഒരു തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ പാടില്ല എന്നാണ് സുപ്രിംകോടതി വിധി പറയുന്നത്. അതേ സമയം 57 ാം വകുപ്പ് പ്രകാരം നിയമം വഴിയോ കരാര്‍ വഴിയോ ഇതിന് നടപടി സ്വീകരിക്കാം. ഇതില്‍ കരാര്‍ മുഖേന പാടില്ല എന്നേ വിധിയിലുള്ളൂ. 

നിയമത്തിന്‍റെ വഴി ഇപ്പോഴും തുറന്ന് കിടക്കുകയാണ്. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമോ എന്ന ചോദ്യത്തിന് ജയ്റ്റ്ലി വ്യക്തമായ  മറുപടി നല്‍കിയില്ല. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ആധാര്‍ കാര്‍ഡിന് സാധുത നല്‍കിയത്. സബ്സിഡി നല്‍കുന്നതിനും വരുമാനികുതി സംബന്ധമായ കാര്യങ്ങള്‍ക്കും കോടതി  ആധാര്‍ കാര്‍ഡ് അംഗീകരിച്ചു. എന്നാല്‍ ടെലികോം കന്പനികളും ബാങ്കുകളും ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.

click me!