എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

By Web TeamFirst Published Feb 13, 2019, 7:12 PM IST
Highlights

50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുക കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ചു. 

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.  50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായത്.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

എന്‍റോസള്‍ഫാന്‍ ദുരിതബാധിതരോട് നീതി കാട്ടണമെന്ന് ആവശ്യപ്പെട്ട് സമരം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ ഒടുവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരസമിതിയുമായി ചര്‍ച്ച നടത്തുകയും മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 

click me!