
ദില്ലി: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്ന നിര്‍ദ്ദേശം ഒഴിവാക്കിയപ്പോള്‍ ഗര്‍ഭം ധരിച്ച പശുക്കളെ കാലിചന്തയില്‍ വില്‍ക്കരുതെന്നാണ് പുതിയ വിജ്ഞാപനം.
കാലിചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്ന വ്യവസ്ഥ ഒഴിവാക്കി, ആരോഗ്യമില്ലാത്ത പശുക്കളെയും, കാലികിടാങ്ങളെയും ഗര്‍ഭം ധരിച്ച പശുക്കളെയും വിൽക്കരുത് എന്നാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ വിജ്ഞാപനം ഭേദഗതി ചെയ്തത്. ഇത്തരം പശുക്കളെ കാലി ചന്തകളിൽ ഉടമകൾ എത്തിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. ഗര്‍ഭം ധരിച്ച പശുക്കളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനും പുതിയ ചട്ടപ്രകാരം വിലക്കുണ്ട്. കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്ന് 2017 മെയ് 23ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കേരളം, പശ്ചിമബംഗാൾ ഉൾപ്പടെ നിരവധി സംസ്ഥാനങ്ങൾ വിജ്ഞാപനത്തെ കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ് വിവാദ വിജ്ഞാപനം ഭേദഗതി ചെയ്യാൻ കേന്ദ്രം തയ്യാറായത്. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണമെന്ന നേരത്തെയുള്ള വ്യവസ്ഥയിൽ മാറ്റംവരുത്തി മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനായി ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ജില്ലാ മജിസ്ട്രേറ്റ്, മൃഗസംരക്ഷണ സമിതി പ്രതിനിധികൾ, ജില്ലാ പൊലീസ് മേധാവി ഈ സമിതിയിൽ അംഗങ്ങളായിരിക്കണം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ കരട് വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി അയച്ചു. നിയമമന്ത്രാലയത്തിന്‍റെ അംഗീകാരം കിട്ടിയാൽ പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam