തുർക്കിയിൽ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവർക്കെതിരെ നടപടി ശക്തമാക്കി

By Web DeskFirst Published Jul 17, 2016, 2:11 AM IST
Highlights

അങ്കാറ: തുർക്കിയിൽ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവർക്കെതിരെ സർക്കാർ നടപടി ശക്തമാക്കി. അട്ടിമറി ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ച മുസ്ലിം ആത്മീയ നേതാവ് ഫെത്തുള്ള ഗുലനെ നാടുകടത്തണമെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗൻ അമേരിക്കയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച പട്ടാള അട്ടിമറി ഉണ്ടായ ഉടനെ തന്നെ അട്ടിമറിക്ക് പിന്നിൽ അമേരിക്കയിലുള്ള മുസ്ലിം ആത്മീയ നേതാവ് ഫെത്തുള്ള ഗുലനാണെന്ന് തുർക്കി സർക്കാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയെ  തുർക്കി പ്രസിഡണ്ട് തയ്യിബ് എർദോഗൻ ഫോണിൽ വിളിച്ചത്.

ഫെത്തുള്ള ഗുലനെ നാടുകടത്തുകയോ തുർക്കിക്ക് കൈമാറുകയോ ചെയ്യണമെന്നാണ് എർദോഗന്‍റെ ആവശ്യം. എന്നാൽ ഫെത്തുള്ള ഗുലൻ  തുർക്കി സർക്കാരിന്‍റെ ആരോപണം തള്ളി. തനിക്ക് അട്ടിമറിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഗുലൻ പ്രതികരിച്ചു. ജനങ്ങളുടെ സഹായത്തോടെ സർക്കാർ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെങ്കിലും പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലെന്ന് ബോധ്യമുള്ളതിനാൽ അട്ടിമറിക്ക് കാരണക്കാരായവർക്ക് നേരെ ശക്തമായ നടപടിയെടുക്കാനാണ് സർക്കാർ നീക്കം.

കഴിഞ്ഞ ദിവസം 3000 പട്ടാളക്കാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജ്യത്തെ 2700ലധികം ജഡ്ജിമാരെ സർക്കാർ പുറത്താക്കി. തുർക്കിയിലെ പരമോന്നത കോടതിയിലെ അഞ്ച് ജഡ്ജിമാരും ഇതിൽ ഉൾപ്പെടുന്നു. ഇതിനിടെ സർക്കാരിന് പിന്തുണയറിയിച്ച് ഇസ്താംബുളടക്കമുള്ള  നഗരങ്ങളിലെല്ലാം തുർക്കിയുടെ ദേശീയ പതാകയേന്തി ജനങ്ങൾ  റാലി നടത്തി.പട്ടാള അട്ടിമറിക്കിടെ 265 ആളുകളാണ് കൊല്ലപ്പെട്ടത്.

click me!