
മുംബൈ: ഹൃദയശസ്ത്രക്രിയയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കേ മുത്തശ്ശന്റെ ലൈംഗിക ദുരുപയോഗത്തിനിരയായി ഒൻപത് വയസ്സുകാരി. തെക്കൻ മുംബൈയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുട്ടിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടി നഴ്സിനോടാണ് കുട്ടി ഇക്കാര്യം ആദ്യം പറഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്സോ വകുപ്പാണ് പൊലീസ് ഇയാളിൽ ചുമത്തിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കുട്ടിയുടെ അമ്മ മരിച്ചു പോയിരുന്നു. അതിനാൽ മറാത്ത് വാഡായിലെ ഹിംഗോളിയിലുള്ള ഒരു അനാഥാലയത്തിലായിരുന്നു പെൺകുട്ടിയുടെ താമസം. ഹൃദയത്തിൽ ഒരു സുഷിരമുണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ ഹൃദയ ശസ്ത്രക്രിയ നിർദ്ദേശിച്ചത്. ഒരു എൻജിഒയാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം നൽകുന്നത്. കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയതിനെ തുടർന്ന് മുത്തച്ഛനും അവിടെ എത്തുകയായിരുന്നു. അയാൾ കുട്ടിക്കൊപ്പം താമസിക്കാമെന്നും പറഞ്ഞു.
സെപ്റ്റംബർ 22 നാണ് സംഭവം നടക്കുന്നത്. പിറ്റേന്നായിരുന്നു കുട്ടിയുടെ ശസ്ത്രക്രിയയുടെ തീയതി. ബെഡ്ഡിൽ കിടക്കുകയായിരുന്ന കുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. കുട്ടി ഡ്യൂട്ടി നേഴ്സിനോട് വിവരം പറഞ്ഞു. നഴ്സ് മറ്റ് അധികാരികളോട് പറയുകയും അവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതി പ്രകാരം പൊലീസെത്തി മുത്തശ്ശനെ അറസ്റ്റ് ചെയ്തു- മുതിർന്ന പൊലീസ് ഓഫീസറായ സലവരം അഗവാനെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നു. മുത്തശ്ശൻ പൊലീസ് കസ്റ്റഡിയിലാണ്. ഐപിസി പ്രകാരവും മുത്തശ്ശനെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam