
ദില്ലി: വിനോദയാത്രയ്ക്ക് പോകാന്‍ പണം കണ്ടെത്താനായി വൃദ്ധനായ ഡോക്ടറെ കൊന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒമ്പതംഗ സംഘം പിടിയില്‍. കൊല്ലപ്പെട്ട ഡോക്ടര്‍ ഇഖ്ബാല്‍ കാസിമിന്റെ ജഹാംഗിര്‍പുരിയിലുള്ള വീടിന് സമീപമുള്ളവര്‍ തന്നെയാണ് പിടിയിലായിരിക്കുന്നത്.
സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് സംഘം പദ്ധതി തയ്യാറാക്കി കൊലപാതകം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കമുള്ള ഒമ്പതംഗ സംഘം വിനോദയാത്രയ്ക്ക് പോകാനായി പണം കണ്ടെത്താനുള്ള വിവിധ വഴികള്‍ തേടുന്നതിനിടെയാണ് സമീപത്ത് താമസിക്കുന്ന വൃദ്ധനായ ആയുര്‍വേദ ഡോക്ടറെ കുറിച്ച് സംഘത്തിലുള്ള രണ്ട് പേര്‍ പറയുന്നത്.
അധ്യാപികയായ മകള്‍ സ്‌കൂളിലേക്ക് പോയാല്‍ പിന്നെ പകല്‍ മുഴുവന്‍ ഡോക്ടര്‍ വീട്ടില്‍ ഒറ്റക്കാണ് ഉണ്ടാകാറെന്ന് ഇവര്‍ മനസ്സിലാക്കി. തുടര്‍ന്ന് കൃത്യമായ ആസൂത്രണം നടത്തി. കഴിഞ്ഞ 12ന് പകല്‍ ഡോക്ടറുടെ വീട്ടിനകത്ത് കയറിപ്പറ്റി അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തി. ശേഷം ഏതാണ്ട് 11 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും പണവും കവര്‍ന്നു.
സംഭവം നടന്ന് ആദ്യദിവസങ്ങളിലൊന്നും പൊലീസിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണം പ്രതികളിലൊരാളില്‍ ചെന്നുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി, താനുള്‍പ്പെടെയുള്ള മറ്റ് പ്രതികളുടെ പങ്കും മറ്റ് വിശദാംശങ്ങളും പൊലീസിന് നല്‍കുകയായിരുന്നു.
കവര്‍ച്ച ചെയ്ത പണവുമായി വിനോദയാത്രയ്ക്ക് പോകാന്‍ ഒരുങ്ങവേയാണ് സംഘം പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാളൊഴികെ ബാക്കി എട്ട് പേരുടെയും വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam