സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നവര്‍ക്കും ജിഎസ്ടി 'കെണി'

By Web DeskFirst Published Dec 17, 2017, 3:15 PM IST
Highlights

ജി.എസ്.ടി വന്നതോടെ വാണിജ്യ നികുതി തസ്തികകള്‍ ഇല്ലാതായത് പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെയും വെട്ടിലാക്കി. സംസ്ഥാനത്ത് എല്‍.ഡി ക്ലാര്‍ക്ക് നിയമനം നിലച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമിരിക്കെ നിയമന ശുപാര്‍ശ കിട്ടിയവരടക്കം ആശങ്കയിലാണ്.

വാണിജ്യ നികുതി വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനായി പി.എസ്.സി ശുപാര്‍ശ അയച്ചിരുന്നു. ജി.എസ്.ടി വരുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായിരുന്നു ഇത്. ശുപാര്‍ശ കയ്യിലെത്തിയപ്പോഴേക്കും ഒഴിവുകള്‍ മാത്രമല്ല തസ്തികകള്‍ തന്നെ ഇല്ലാതായി.  ശുപാര്‍ശ ലഭിച്ചവരെ നിയമിക്കാതെ റാങ്ക് ലിസ്റ്റിലെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കാനാവില്ല. ഇവരെ മറ്റു ഒഴിവിലേക്ക് പരിഗണിക്കണമെങ്കിലും പുതിയ ഉത്തരവിറങ്ങണം. ഇതിന് കൂടുതല്‍ കാലമെടുക്കും. റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമുള്ളൂവെന്നത് ആശങ്കയേറ്റുന്നു.

2013ല്‍ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2015ലാണ്. സാങ്കേതിക കാരണങ്ങളാല്‍ ആദ്യവര്‍ഷം കാര്യമായ നിയമനം നടന്നില്ല. 301 പേര്‍ക്കാണ് ഇതുവരേ നിയമന ശുപാര്‍ശ ലഭിച്ചത്. കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ നിയമനം നടക്കില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

click me!