
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് എഴുതിത്തള്ളാനാകില്ലെന്ന് ജേക്കബ് തോമസ്. ബന്ധുവിന് നിയമനം നല്‍കിയാലേ കേസ് എടുക്കാനാകൂവെന്ന് നിയമത്തില്‍ പറയുന്നില്ല. ഇപ്പോഴത്തെ വിജിലന്‍സ് തമാശയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തട്ടെയെന്നും ജേക്കബ് തോമസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു. വ്യവസായ മന്ത്രിയായിരിക്കെ ബന്ധുനിയമനം നടത്താന്‍ ഉത്തരവിട്ട സംഭവത്തില്‍ വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാകില്ലെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ് സി.സി അഗസ്റ്റിന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു. ബന്ധുവായ പി.കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി നിയമിച്ചെന്നായിരുന്നു കേസ്. ഇതിനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും ചുമതല സുധീര്‍ നമ്പ്യാര്‍ ഏറ്റെടുത്തിരുന്നില്ലെന്നതുമാണ് വിജിലന്‍സ് പരിഗണിച്ചത്. വിജിലന്‍സിന്റെ ഈ നിലപാടുകള്‍ക്കെതിരെയാണ് ജേക്കബ് തോമസ് പോയിന്റ് ബ്ലാങ്കില്‍ ആഞ്ഞടിച്ചിരിക്കുന്നത്.
2016 ഒക്ടോബറിലായിരുന്നു വിവാദനിയമന ഉത്തരവ് പുറത്തുവന്നത്. വിജിലന്‍സ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചനയും സ്വജനപക്ഷപാതവും നടന്നു എന്നായിരുന്നു എഫ്‌ഐആര്‍. ജേക്കബ് തോമസായിരുന്നു അന്ന് വിജിലന്‍സ് ഡയറക്ടര്‍. അദ്ദേഹം വിജിലന്‍സില്‍നിന്നു മാറിയതിനു പിന്നാലെ കേസും ഇഴഞ്ഞുനീങ്ങുകയായിരുന്നു.