മോസ്‌കോ: ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ നാല് വര്‍ഷം മുന്‍പ് ലോകകപ്പില്‍ മെക്‌സിക്കോയെ നേരിട്ടതിന്‍റെ മുറിവ് കാനറികള്‍ക്ക് ഉണങ്ങിയിട്ടുണ്ടാവില്ല. അന്ന് 13-ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് ഗോള്‍ബാറിന് കീഴെ നിലയുറപ്പിച്ച ചുരുളന്‍ മുടിക്കാരന്‍ കാനറികളുടെ ഉറക്കം കെടുത്തി. കാനറിച്ചിറകടി അരിഞ്ഞുവീഴ്ത്തിയ ആറ് മിന്നും സേവുകളുമായി ഒച്ചാവേ മെക്‌സിക്കന്‍ തിരമാലയായപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയിലായി. അതേ ഗില്ലര്‍മോ ഒച്ചാവോയാണ് ഇന്ന് ബ്രസീലിനെതിരെ മെക്‌സിക്കന്‍ വല കാക്കുക. ഒച്ചാവോ നാല് അത്ഭുതങ്ങള്‍ കാട്ടിയെന്നായിരുന്നു മത്സരശേഷം ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഫ്രഡ് പറഞ്ഞത്. അന്ന് ഒച്ചാവോയെന്ന മെക്സിക്കന്‍ തിരമാലയ്ക്ക് മുന്നില്‍ കാലിടറിയ താരങ്ങളില്‍ പ്രമുഖന്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ പടനായകനാകുമെന്ന് കരുതിയ സാക്ഷാല്‍ നെയ്‌മറായിരുന്നു. നെയ്‌മര്‍ തൊടുത്ത ബുള്ളറ്റ് ഹെഡര്‍ പറന്നുതടുത്തതിനെ, 1970 ലോകകപ്പില്‍ പെലെയുടെ തലകൊണ്ടുള്ള ചരിത്രപ്രഹരത്തെ വഴിതടഞ്ഞ ഇംഗ്ലണ്ടിന്‍റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഗോര്‍ഡണ്‍ ബാങ്ക്സിന്‍റെ 'സേവ് ഓഫ് ദ് സെഞ്ചുറി'യോടാണ് കളിയെഴുത്തുകാര്‍ ചേര്‍ത്തുവായിച്ചത്. ബ്രസീലില്‍ നിന്ന് റഷ്യയിലെത്തിയപ്പോള്‍ ഒച്ചാവോ ആടിയുലയുന്ന മുടികളുള്ള ആ പഴയ തിരമാല തന്നെ. മൂന്ന് മത്സരങ്ങളില്‍ 17 സേവുകളുമായി തകര്‍പ്പന്‍ ഫോമിലാണ് താരം. 21 സേവുകളുമായി ഡെന്‍മാര്‍ക്കിന്‍റെ കാസ്‌പര്‍ മാത്രമാണ് ഒച്ചാവോയ്ക്ക് മുന്നിലുള്ളത്‍. ഇന്ന് ബ്രസീലിനെ നേരിടുമ്പോള്‍ കാസ്‌പറിനെ ഒച്ചാവോ പിന്നിലാക്കാനുള്ള സാധ്യതയേറെ. അതിനാല്‍ ലാറ്റിനമേരിക്കന്‍ കരുത്തര്‍ കരുതിയിരിക്കുക. നാല് വര്‍ഷം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വാചകം ബ്രസീല്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ആറ് വിരലുകളുള്ള ഗോള്‍കീപ്പറാണ് ഗില്ലര്‍മോ ഒച്ചാവോ.
ബ്രസീലിനെതിരെ 2014 ലോകകപ്പില്‍ ഒച്ചാവോ നടത്തിയ മിന്നും പ്രകടനം കാണാം..
Subscribe to get breaking news alertsSubscribe ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam